മാഞ്ചസ്റ്റർ: ഇന്‍റർനാഷണൽ ബ്രേക്കിന് ശേഷം ആരാധകർക്ക് ആവേശമായി ഇന്ന് മുതൽ ക്ലബ് ഫുട്ബോളിന് തിരിതെളിയുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്‌തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ നേരിടും. ഇന്ന് രാത്രി 10 മണിക്ക് ഓൾഡ്ട്രാഫോർഡിലാണ് മത്സരം.
പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ടോട്ടൻഹാമിനെ 3-2ന് തോൽപ്പിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. സ്‌പെർസിനെതിരായ ഹാട്രികുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര ഫോമിലായിരുന്നു. ഇന്ന് ലെസ്റ്ററിനെതിരെ സൂപ്പർസ്റ്റാർ സ്‌ട്രൈക്കർ സമാനമായ രീതിയിൽ പ്രകടനം നടത്തിയാൽ മത്സരം യുണൈറ്റഡിന് അനുകൂലമാകും. 29 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ആറാമതാണ്.
അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ ആദ്യ നാലിൽ ഇടം പിടിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. പരിശീലകൻ റാഗ്നിക്കിന് ആരാധകരുടെ വിശ്വാസം നേടിയെടുക്കാനും ഒരു ജയം ആവശ്യമുണ്ട്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പരിക്ക് കാരണം കവാനി ഉണ്ടാകില്ല.
ALSO READ:ഐ ലീഗ്: ഇരട്ട ഗോളുമായി ജോർഗാൻ ഫ്ലെച്ചർ; ഐസ്വാൾ എഫ്‌സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകർപ്പൻ ജയം
പ്രീമിയർ ലീഗിലെ മറ്റു മത്സരങ്ങളിൽ ലിവർപൂൾ വാറ്റ്‌ഫോഡിനെയും മാഞ്ചസ്റ്റർ സിറ്റി ബേൺലിയെയും നേരിടും. ചെൽസി ബ്രന്‍റ്‌ഫോഡിനെയും നേരിടും. 29 മത്സരങ്ങളിൽ നിന്ന് 70 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാമത്. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്നും 69 പോയിന്‍റോടെ ലിവർപൂൾ തൊട്ടുപിറകിൽ തന്നെയുണ്ട്.