ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. യൂറോപ്യൻ മൈതാനങ്ങളെ തീപിടപ്പിച്ച പോരാട്ടവീര്യത്താലും ആരാധകവൃന്ദം കൊണ്ടും ഏറെ പേരുകേട്ടവരാണ് ചുവന്ന ചെകുത്താൻമാർ. എന്നാൽ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ പടിയിറങ്ങിയതോടെ യുണൈറ്റഡ് ആ പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമായി. 2022 ഏപ്രലിൽ, ഡച്ച് പരിശീലകനായ എറിക് ടെൻ ഹാഗ് ടീമിന്‍റെ ചുമതലയേറ്റെടുത്തതോട പതിയെ പ്രതാപത്തിലേക്ക് തിരികെ നടക്കുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.
പരിശീലകനായെത്തിയ ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിക്കൊടുത്ത ടെൻ ഹാഗ് ലീഗ് കപ്പിൽ യുണൈറ്റഡിനെ ജേതാക്കാളുമാക്കി. ലീഗ് കിരീടം നേടുക എന്നതിലുപരി കഴിഞ്ഞ സീസണിലെ ഭേദപ്പെട്ട പ്രകടനം തുടരുക എന്നതായിരിക്കും ഇത്തവണയും യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ആദ്യ സീസണിൽ തന്നെ ടീമിന്‍റെ ശക്തിയും ദൗർബല്യങ്ങളും മനസിലാക്കിയ ടെൻ ഹാഗ് മികച്ച താരങ്ങളെ ടീമിലെത്തിച്ചിരുന്നു.
ഇത്തവണയും മധ്യനിരയിലും മുന്നേറ്റത്തിലും കരുത്തുപകരാൻ പാകത്തിലുള്ള താരങ്ങളെ ടീമിലെത്തിച്ചുട്ടുണ്ട്. അതോടൊപ്പം തന്നെ ഇതിഹാസ ഗോൾകീപ്പറായ ഡേവിഡ് ഗിയയുമായി കരാർ പുതുക്കാതെ പകരം പുതിയ ഗോൾകീപ്പറുമായും കരാറിലെത്തി. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് കിരീടപ്പോരാട്ടത്തിൽ സിറ്റിക്കും ആഴ്‌സണലിനും വെല്ലുവിളി ഉയർത്താനായിരുന്നു. എന്നാൽ സ്ഥിരതായാർന്ന പ്രകടനത്തിന്‍റെ അഭാവവും പ്രതിരോധത്തിലെയും ഗോൾകീപ്പറുടെയും നിരന്തരമായ പിഴവുകളെല്ലാം ടീമിന് തിരിച്ചടിയായി.
ഇതോടെ വരാനിരിക്കുന്ന സീസണിൽ പ്രമുഖ താരങ്ങളുടെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്ന് ഉറപ്പായിരുന്നു. അതിന്‍റെ ഭാഗമായാണ് ഗോൾകീപ്പർ ഡേവിഡ് ഗിയയുമായി കരാർ ടീം പുതുക്കാതിരുന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലും യൂറോപ ലീഗിലും താരം പിഴവുകൾ വരുത്തിയത് മത്സരഫലത്തെ ബാധിച്ചിരുന്നു. അതോടൊപ്പം തന്നെ ഒരു ബോൾ പ്ലെയിങ് ഗോൾകീപ്പറെ ടീമിലെത്തിക്കാനായിരുന്നു ടീമിന്‍റെ തീരുമാനം.
ഡി ഗിയയ്‌ക്ക് പകരക്കാരനായി സ്വീപ്പർ ഗോൾ കീപ്പറായ ആൻഡ്രെ ഒനാനയെ ടീമിലെത്തിച്ചു. 51 മില്യൺ പൗണ്ട് മുടക്കിയാണ് ഇന്‍റർ മിലാനിൽ നിന്ന് താരത്തെ ഓൾഡ് ട്രഫോഡിലെത്തിച്ചത്. ചെൽസിയിൽ നിന്ന് മേസൺ മൗണ്ടിനെയും അറ്റ്‌ലാന്‍റയിൽ നിന്ന് ഡെൻമാർക്ക് താരമായ റാസ്‌മസ് ഹോയ്‌ലണ്ട്, ലെസ്റ്റർ സിറ്റിയിൽ നിന്ന് മുൻ യുണൈറ്റഡ് താരമായ ജോണി ഇവാൻസിനെയും സ്വന്തമാക്കി. മേസൺ മൗണ്ടിന്‍റെ സാന്നിധ്യം മധ്യനിരയിൽ നായകൻ ബ്രൂണോ ഫെർണാണ്ടസിനും കൂടുതൽ സ്‌പെയ്‌സ് കണ്ടെത്താനും ക്രിയാത്മകമായ കളി പുറത്തെടുക്കാനുമാകും. ഇവർക്കൊപ്പം കസെമിറോ കൂടെ ചേരുന്നതോടെ ടെൻ ഹാഗിന് മധ്യനിരയിൽ കൂടുതൽ വിശ്വാസമർപ്പിക്കാം.
ക്യാപ്‌റ്റനായിരുന്ന ഹാരി മഗ്വയർ, സ്‌കോട് മക്‌ടോമിന, ഫ്രെഡ് തുടങ്ങിയ താരങ്ങളെ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ വിൽപന നടത്താനും യുണൈറ്റഡ് തീരുമാനിച്ചട്ടുണ്ട്. മഗ്വയർ, മക്‌ടോമിന എന്നിവരെ സ്വന്തമാക്കാനായി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം യുണൈറ്റഡ് രംഗത്തുണ്ട്. ഇതിൽ മഗ്വയറിനായി ഏകദേശം 38 മില്യൺ പൗണ്ടിന്‍റെ കരാറിന് ധാരണയായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ താരങ്ങളെക്കൂടാതെ നിരവധി യുവതാരങ്ങളെയും ടീം വിൽപന നടത്തിയിട്ടുണ്ട്. ഈ താരങ്ങളെ കൈമാറുന്നതോടെ ലഭിക്കുന്ന തുക ഉപയോഗിച്ച മധ്യനിരയിലേക്കും മുന്നേറ്റത്തിലേക്കും കൂടുതൽ താരങ്ങളെ എത്തിച്ച് മികച്ച സ്വകാഡാക്കി മാറ്റാനാണ് മാനേജ്‌മെന്‍റ് തീരുമാനം.
മഗ്വയറിന് പകരക്കാരനായി മൂന്ന് താരങ്ങളാണ് യുണൈറ്റഡിന് മുന്നിലുള്ളത്. ബയേൺ മ്യൂണിക്കിന്‍റെ ബെഞ്ചമിൻ പവാർഡ്, ലീഗ് വൺ ക്ലബായ ഒജിസി നൈസ് താരം ടൊഡിബോ, ബയേർ ലെവർക്യൂസൻ താരം എഡ്‌മണ്ട് ടപ്‌സോബ എന്നിവരെ നിരീക്ഷിക്കുന്നതായാണ് വാർത്തകൾ. ഇതിൽതന്നെ പവാർഡിന്‍റെയും ടൊഡിബോയുടേയും ഏജന്‍റുമാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. അതോടൊപ്പം ഫിയോറെന്‍റീനയുടെ മൊറോക്കൻ മിഡ്‌ഫീൽഡർ സുഫ്‌യാൻ അംറബാത്ത് യുണൈറ്റഡിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്.
മുന്നേറ്റത്തിൽ റാഷ്‌ഫോർഡും ആന്‍റണിയും സാഞ്ചോയും ആന്‍റണി മാർഷ്യലുമുണ്ടാകും. ഇവർക്കൊപ്പം അറ്റ്‌ലാന്‍റയിൽ നിന്നെത്തിച്ച റാസ്‌മസ് ഹോയ്‌ലണ്ട് കൂടെ ചേരുന്നതോടെ മുന്നേറ്റത്തിൽ കൂടുതൽ സ്ഥിരത കൈവരുമെന്നാണ് പ്രതീക്ഷ. ഏകദേശം 80 മില്യൺ പൗണ്ട് മുടക്കിയാണ് 20-കാരനായ സ്ട്രൈക്കറെ യുണൈറ്റഡ് ടീമിലെത്തിച്ചത്. വേഗതയും കരുത്തുറ്റ ഷോട്ടുകളുമാണ് യുവതാരത്തിന്‍റെ പ്രത്യേകത. ടെൻ ഹാഗിന് കീഴിൽ വേഗമാർന്ന ഫുട്‌ബോൾ കളിക്കുന്ന യുണൈറ്റഡിന് താരത്തിന്‍റെ വരവ് ഗുണം ചെയ്യും. വിങ്ങുകളിൽ തീപടർത്തുന്ന മുന്നേറ്റങ്ങൾ നടത്തുന്ന വണ്ടർകിഡ് അലജാന്ദ്രോ ഗർനാച്ചോയും മുന്നേറ്റത്തിന് കരുത്ത് പകരും.
അതോടൊപ്പം തന്നെ പെൺസുഹൃത്തിന്‍റെ പീഡനാരോപണത്തെ തുടർന്ന് അന്വേഷണം നേരിടുകയും ടീമിൽ നിന്ന് പുറത്താവുകയും ചെയ്‌തിരുന്ന മേസൺ ഗ്രീൻവുഡിന്‍റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് അന്തിമതീരമാനം ഇതുവരെ ക്ലബ് പുറത്തുവിട്ടിട്ടില്ല. ലിസാൻഡ്രോ മാർട്ടിനെസ്, റാഫേൽ വരാനെ, വിക്‌ടർ ലിൻഡലോഫ്, ലൂക് ഷോ എന്നിവരാണ് പ്രതിരോധത്തിലെ പ്രധാനികൾ.