ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ നോട്ടിങ്‌ഹാം ഫോറസ്റ്റിനെ നേരിട്ട യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മാർക്കസ് റാഷ്‌ഫോർഡ്, ആന്‍റണി മാർഷ്യൽ എന്നിവരുടെ ഗോളിൽ മുന്നിലെത്തിയ യുണൈറ്റഡ് അവസാന മിനുട്ടിൽ ഫ്രെഡ് നേടിയ ഗോളിലാണ് ആധികാരിക ജയം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആധിപത്യമായിരുന്നു കാണാനായത്. പരിക്കും വൈറൽ പനിയും കാരണം ടീമിൽ കൂടുതൽ മാറ്റത്തോടെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലിറങ്ങിയത്. അഞ്ചാം മിനുട്ടിൽ എറിക്‌സൺ തുടങ്ങിവച്ച മുന്നേറ്റത്തിൽ നിന്നും മലാസിയയുടെ ഷോട്ട് നോട്ടിങ്‌ഹാം ഫോറസ്റ്റ് ഗോൾകീപ്പർ ഹെന്നസി തടഞ്ഞു.
19-ാം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു യുണൈറ്റഡ് ലീഡെടുത്തത്. എറിക്‌സൺ എടുത്ത ഒരു തന്ത്രപരമായ കോർണറില്‍ നിന്ന് മനോഹരമായ നീക്കത്തിലൂടെ നോട്ടിങ്‌ഹാം പ്രതിരോധ നിരയെ കാഴ്‌ചക്കാരാക്കിയ മാർക്കസ് റാഷ്ഫോർഡ് വലകുലുക്കി. മൂന്ന് മിനുട്ടുകൾക്കകം മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.
നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ മുന്നേറ്റത്തിന് പിന്നാലെ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ആന്‍റണി മാർഷ്യൽ ഗോൾ നേടിയത്. നോട്ടിങ്ഹാം താരത്തിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മലാസിയ നൽകിയ പാസുമായി അതിവേഗം കുതിച്ച റാഷ്ഫോർഡ് നൽകിയ പാസാണ് മാർഷ്യൽ ലക്ഷ്യത്തിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ഫോറസ്റ്റ് നേടിയ ഗോൾ ഓഫ്സൈഡ് ആയതിനാൽ വാർ നിഷേധിച്ചു.
55-ാം മിനുട്ടിൽ യുണൈറ്റഡിന്‍റെ ലീഡ് വർധിപ്പിക്കാൻ ആന്‍റണിക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും ഹെന്നസി ഫോറസ്റ്റിന്‍റെ രക്ഷയ്‌ക്കെത്തി. 60-ാം മിനുട്ടിൽ മാർഷ്യലിന്‍റെ ഷോട്ടും 66-ാം മിനുട്ടിൽ റാഷ്ഫോർഡിന്‍റെ ഗോൾശ്രമവും ഹെന്നസി വിഫലമാക്കി. 72-ാം മിനുട്ടിൽ കസെമിറോയുടെ തകർപ്പൻ ഷോട്ടും തടഞ്ഞ ഹെന്നസി നോട്ടിങ്‌ഹാം ഫോറസ്റ്റിന്‍റെ തോൽവിഭാരം കുറച്ചു.
87-ാം മിനുട്ടിൽ ഫ്രെഡിലൂടെയാണ് യുണൈറ്റഡിന്‍റെ മൂന്നാം ഗോൾ വന്നത്. വീണ്ടും നോട്ടിങ്ഹാം ഫോറസ്റ്റ് താരത്തിന്‍റെ പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത് കസെമിറോ നൽകിയ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്‍റെ ഫിനിഷ്. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ 29 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. നാലാമതുള്ള സ്‌പേർസിനെക്കാൾ ഒരു പോയിന്‍റ് മാത്രം പിറകിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടോട്ടൻഹാം ഹോട്‌സ്‌പറിനേക്കാൾ ഒരു മത്സരം കുറവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്.
വിജയപാതയിൽ തിരിച്ചെത്തി ചെൽസി : ലോകകപ്പിന്‍റെ ഇടവേളയ്‌ക്ക് ശേഷം ബോൺമൗത്തിനെ നേരിട്ട നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയിച്ചുകയറിയത്. സ്റ്റാഫോർഡ് ബ്രിഡ്‌ജിൽ നടന്ന മത്സരത്തിൽ കായ് ഹാവേർട്‌സ്, മേസൺ മൗണ്ട് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. അവസാന മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ചെൽസിക്ക് ഈ ജയം ആശ്വാസമാകും.
ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് ചെൽസി മുന്നിൽ എത്തിയിരുന്നു. 16-ാം മിനുട്ടിൽ കായ് ഹവേർട്‌സ് ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. വലതുവിങ്ങിൽ നിന്ന് റഹീം സ്റ്റെർലിംഗ് നൽകിയ പാസ് ഒരു ടാപ് ഇന്നിലൂടെ ഹവേർട്‌സ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
24-ാം മിനുട്ടിൽ മേസൺ മൗണ്ട് നീലപ്പടയുടെ രണ്ടാം ഗോൾ നേടി. കായ് ഹവേർട്‌സിന്‍റെ പാസ് സ്വീകരിച്ചായിരുന്നു മൗണ്ടിന്‍റെ സ്ട്രൈക്ക്. ഈ വിജയത്തോടെ ചെൽസി 24 പോയിന്‍റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ബോൺമൗത് പതിനാലാം സ്ഥാനത്താണ്.