ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ മുന്‍തൂക്കം നേടി മാഞ്ചസ്റ്റര്‍ സിറ്റി. ഞായറാഴ്ച ന്യൂകാസില്‍ യുണൈറ്റഡിനെതിരായ വമ്പന്‍ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താന്‍ സിറ്റിക്ക് കഴിഞ്ഞു. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി ന്യൂകാസിലിനെ തകര്‍ത്തത്.
റഹീം സ്റ്റെര്‍ലിങ് (19, 90+3) ഇരട്ടഗോള്‍ നേടിയപ്പോള്‍ എയ്‌മറിക് ലാപോര്‍ട്ട (38), റോഡ്രി (61), ഫില്‍ ഫോഡന്‍ (90) എന്നിവരും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ 72 ശതമാനവും പന്ത് കൈവശംവച്ച് ആധിപത്യം പുലര്‍ത്താന്‍ സിറ്റിക്ക് കഴിഞ്ഞു.