ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് സമനിലക്കുരുക്ക്. ആസ്റ്റണ്‍ വില്ലയാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
സിറ്റിയ്ക്ക് വേണ്ടി സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡും, ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി ലിയോണ്‍ ബെയ്‌ലിയും ഗോളടിച്ചു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 50ാം മിനിട്ടില്‍ ഹാലന്‍ഡിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്.
ആറ് മത്സരങ്ങളില്‍ ഹാലൻഡിന്‍റെ പത്താം ഗോളാണിത്. എന്നാല്‍ 74ാം മിനിട്ടില്‍ ലിയോൺ ബെയ്‌ലിയിലൂടെ വില്ല ഒപ്പം പിടിച്ചു. മത്സരത്തിന്‍റെ 73 ശതമാനവും പന്ത് കൈവശം വയ്‌ച്ച മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ അകന്നുനിന്നത് തിരിച്ചടിയായി.
14 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. ആറ് മത്സരങ്ങളില്‍ നാല് വിജയവും രണ്ട് സമനിലയുമാണ് സംഘത്തിനുള്ളത്. നാല് പോയിന്‍റുള്ള വില്ല 17ാം സ്ഥാനത്താണ് ഒരു ജയവും ഒരു സമനിലയും നാല് തോല്‍വികളുമാണ് വില്ലയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
ലിവർപൂളിന് വീണ്ടും സമനില : ലീഗിലെ മറ്റൊരു പ്രധാന മത്സരത്തില്‍ വമ്പന്മാരായ ലിവർപൂള്‍ വീണ്ടും സമനില വഴങ്ങി. എവർട്ടനാണ് ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. സീസണില്‍ ലിവര്‍പൂളിന്‍റെ മൂന്നാം സമനിലയും എവർട്ടന്‍റെ തുടർച്ചയായ നാലാം സമനിലയുമാണിത്.
ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുമായി ലിവര്‍പൂള്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള എവർട്ടൻ 16ാമതാണ്. മറ്റൊരു മത്സരത്തില്‍ ന്യൂകാസിലും ക്രിസ്റ്റല്‍ പാലസും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഏഴ് പോയിന്‍റുമായി ന്യൂകാസില്‍ 11ാം സ്ഥാനത്തും, അറ് പോയിന്‍റുമായി പാലസ് 15ാം സ്ഥാനത്തുമാണ്.