ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതോടെയാണ് കിരീടം നിർണയം അവസാന മത്സരത്തിലേക്ക് നീണ്ടത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന സിറ്റി രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് സമനില നേടിയത്.
ഇന്ന് വെസ്റ്റ് ഹാമിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളിന്‍റെ ലീഡ് വഴങ്ങി. ജെറാഡ് ബോവനാണ് രണ്ടു ഗോളുകളും നേടിയത്. 24-ാം മിനിറ്റിൽ ഫോർനാൽസ് ഉയർത്തി നൽകിയ പാസ് ഓഫ്സൈഡ് ട്രാപ് മറികടന്ന ബോവൻ എഡേഴ്‌സണെ ഡ്രിബിൾ ചെയ്‌ത് വലയിൽ എത്തിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നെ അന്‍റോണിയോയുടെ പാസിൽ നിന്നും ബോവൻ വീണ്ടും എഡേഴ്‌സണെ കീഴടക്കി. ആദ്യ പകുതി വെസ്റ്റ് ഹാം 2-0ന് മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കകം മനോഹരമായ വോളിയിലൂടെ ഗ്രീലിഷ് സിറ്റിയുടെ ആദ്യ ഗോൾ നേടി. സിറ്റിയുടെ രണ്ടാം ഗോൾ വന്നത് ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു. മെഹ്റസിന്‍റെ ഫ്രീകിക്ക് പ്രതിരോധിക്കുന്നതിൽ പിഴച്ച കൗഫാലിന്‍റെ ഹെഡർ സ്വന്തം വലയിൽ കയറുകയായിരുന്നു.
83-ാം മിനിറ്റിൽ ജീസസിനെ ഡോസൺ വീഴ്ത്തിയതിന് വാറിന്‍റെ സഹായത്തോടെ സിറ്റിക്ക് അനുകൂലമായ പെനാൽറ്റി. ജയവും മുന്ന് പോയിന്‍റും ഉറപ്പിച്ച സിറ്റിക്ക് പിഴച്ചു. മെഹ്റസിന്‍റെ പെനാൽറ്റി കിക്ക് മുഴുനീള ഡൈവിലൂടെ ഫാബിയാൻസ്‌കി രക്ഷപ്പെടുത്തി. പെനാൽറ്റി സ്കോർ ചെയ്‌തിരുന്നെങ്കിൽ അടുത്ത വാരാന്ത്യത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഒരു പോയിന്‍റ് മാത്രം നേടിയാൽ തന്നെ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നിലനിർത്തമായിരുന്നു.
ഇനി ഒരു മത്സരം മാത്രം ശേഷിക്കെ മാഞ്ചസ്റ്റർ സിറ്റി 90 പോയിന്‍റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ തോൽപ്പിക്കുകയോ അല്ലെങ്കിൽ ലിവർപൂൾ പോയിന്‍റ് നഷ്‌ടപ്പെടുത്തുകയോ ചെയ്‌താൽ മാത്രമേ സിറ്റിക്ക് ഇനി കിരീടം നേടാനാകൂ. ലിവർപൂളിന് 36 മത്സരങ്ങളിൽ നിന്ന് 86 പോയിന്‍റാണുള്ളത്.