ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണില്‍ ആദ്യ പരാജയം. കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളാണ് സിറ്റിയെ തോല്‍പ്പിച്ചത്. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂളിന്‍റെ വിജയം.
മുഹമ്മദ് സലായാണ് ചെമ്പടയുടെ വിജയഗോള്‍ നേടിയത്. പന്ത് കൈവശം വയ്ക്കുന്നതില്‍ ആധിപത്യം പുലര്‍ത്തിയ സിറ്റി ആറ് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ തൊടുത്തെങ്കിലും ലിവര്‍പൂള്‍ ഗോള്‍ വഴങ്ങിയില്ല. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി.
54-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയിലൂടെ റഫറി ഗോള്‍ നിഷേധിച്ചത് സിറ്റിക്ക് തിരിച്ചടിയായി. തുടര്‍ന്നാണ് മത്സരത്തിന്‍റെ ഫലം നിര്‍ണയിച്ച ഗോളിന്‍റെ പിറവി. ഗോള്‍കീപ്പര്‍ ആലിസണിന്‍റെ ലോങ് കിക്കില്‍ നിന്ന് 76-ാം മിനിറ്റിലാണ് സലായുടെ ഗോള്‍ നേട്ടം.
മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 10 മത്സരങ്ങളില്‍ നിന്നും 23 പോയിന്‍റാണ് സംഘത്തിനുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 13 പോയിന്‍റുള്ള ലിവര്‍പൂള്‍ എട്ടാമതാണ്.
ലീഡുയര്‍ത്തി ആഴ്‌സണല്‍ :ലീഡ്‌സ് യുണൈറ്റഡിനെതിരായ വിജയത്തോടെ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തെ പോയിന്‍റ് ലീഡ് ഉയര്‍ത്തി. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. 35-ാം മിനിറ്റിൽ ബുക്കായോ സാക്കയാണ് പീരങ്കിപ്പടയുടെ വിജയഗോൾ നേടിയത്.
വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റുമായി ലീഗില്‍ തലപ്പത്ത് തുടരുകയാണ് ആഴ്‌സണല്‍. ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം കൂടിയാണ് പീരങ്കിപ്പട നേടിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി നാല് പോയിന്‍റ് വ്യത്യാസമാണ് നിലവില്‍ ആഴ്‌സണലിനുള്ളത്.
മറ്റൊരു മത്സരത്തില്‍ ചെൽസി ആസ്റ്റൻ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മാസൺ മൗണ്ടിന്‍റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് തുണയായത്. സീസണില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 19 പോയിന്‍റുമായി നിലവില്‍ നാലാം സ്ഥാനത്താണ് ചെൽസി.
Also Read:എൽ ക്ലാസിക്കോയിൽ ക്ലാസായി റയൽ; ബാഴ്‌സയെ തകർത്ത് അപരാജിത കുതിപ്പുമായി ഒന്നാമത്
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്രിസ്റ്റൽ പാലസ് ഗോൾരഹിത സമനിലയിൽ തളച്ചു. ഇതോടെ ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.