കേരളം

kerala

ETV Bharat / sports

Watch: സ്വന്തം പോസ്റ്റില്‍ ഇരട്ട ഗോളുമായി ലെസ്റ്റര്‍ താരം; രക്ഷപ്പെട്ട് ലിവര്‍പൂള്‍ - ലിവര്‍പൂള്‍ vs ലെസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍.

english premier league  liverpool vs leicester city highlights  liverpool  leicester city  Wout Faes scored two own goals  Wout Faes  വൗട്ട് ഫെയ്‌സ്  ലിവര്‍പൂള്‍  ലെസ്റ്റര്‍ സിറ്റി  ലിവര്‍പൂള്‍ vs ലെസ്റ്റര്‍ സിറ്റി  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
സ്വന്തം പോസ്റ്റില്‍ ഇരട്ട ഗോളുമായി ലെസ്റ്റര്‍ താരം

By

Published : Dec 31, 2022, 11:41 AM IST

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ലിവര്‍പൂളിന് വിജയം. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെമ്പട വിജയം നേടിയത്. സ്വന്തം താരങ്ങള്‍ ഗോളടി മറന്നപ്പോള്‍ ലെസ്റ്റര്‍ താരം വൗട്ട് ഫെയ്‌സിന്‍റെ ഇരട്ട സെല്‍ഫ് ഗോളുകളുടെ ബലത്തിലാണ് ലിവര്‍പൂള്‍ മത്സരം പിടിച്ചത്.

കീർനൻ ഡ്യൂസ്​ബറി ഹാളാണ് ലെസ്‌റ്ററിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ ഡ്യൂസ്​ബറി ഹാളിലൂടെ മുന്നിലെത്താന്‍ ലെസ്റ്ററിന് കഴിഞ്ഞിരുന്നു. എന്നാല്‍ 38-ാം മിനിട്ടില്‍ ഫെയ്‌സിന്‍റെ ആദ്യ ഓണ്‍ ഗോള്‍ പിറന്നതോടെ ലിവര്‍പൂള്‍ ഒപ്പമെത്തി. അലക്‌സാണ്ടർ ആർണൾഡ് ലെസ്റ്റർ പോസ്റ്റിലേക്കടിച്ച പന്ത് പുറത്തേക്കൊഴിവാക്കാനുള്ള ഫെയ്‌സിന്‍റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്.

തുടര്‍ന്ന് 45-ാം മിനിട്ടില്‍ ഇട​വേള വിസിൽ മുഴങ്ങാനിരിക്കെയാണ് ഫെയ്‌സിന്‍റെ രണ്ടാം ഓണ്‍ ഗോള്‍ വീണത്. ഇക്കുറി ഡാർവിൻ ന്യൂനസിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങവെ പന്ത് ക്ലിയര്‍ ചെയ്യാനുള്ള താരത്തിന്‍റെ ശ്രമമാണ് വീണ്ടും ദുരന്തമായത്. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ നിരന്തര ഗോൾ ശ്രമങ്ങള്‍ നടത്തിയെങ്കിലും മുഹമ്മദ് സലായും നൂനസും അവസരങ്ങള്‍ നഷ്‌ടപ്പെടുത്തി.

വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ആദ്യ നാലിലെത്തുകയെന്ന പ്രതീക്ഷകള്‍ ലിവര്‍പൂള്‍ സജീവമാക്കി. 16 മത്സരങ്ങളില്‍ നിന്നും 28 പോയിന്‍റോടെ ആറാം സ്ഥാനത്താണ് നിലവില്‍ ലിവര്‍പൂള്‍. നാലാം സ്ഥാനക്കാരായ ടോട്ടനത്തിന് 30 പോയിന്‍റാണുള്ളത്. 17 മത്സരങ്ങളില്‍ നിന്നും 17 പോയിന്‍റോടെ 13-ാം സ്ഥാനത്താണ് ലെസ്റ്റര്‍.

Also read:അല്‍ നസ്‌റില്‍ പന്ത് തട്ടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സൗദി ക്ലബ്ബ് സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്‌ക്ക്

ABOUT THE AUTHOR

...view details