ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും വിജയകരമായ ക്ലബുകളിലൊന്നായ ലിവർപൂൾ കഴിഞ്ഞ സീസണില്‍ നിറംമങ്ങിയതിന്‍റെ കേടുതീര്‍ക്കാനാണ് ഇറങ്ങുന്നത്. അവസാന സീസണിന്‍റെ തുടക്കം മുതൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതാണ് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ അവസാന 11 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചതാണ് ടോപ് ഫൈവും യൂറോപ ലീഗ് യോഗ്യതയും നേടിക്കൊടുത്തത്. പ്രധാന താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയുമാണ് ടീമിനെ പ്രധാനമായും അലട്ടിയിരുന്നത്.
പ്രതിരോധത്തിലും മധ്യനിരയിലുമാണ് ലിവർപൂൾ നേരിടുന്ന പ്രധാന വെല്ലുവിളി. മധ്യനിരയിൽ കളിനിയന്ത്രിച്ചിരുന്ന തിയാഗോ അൽകാൻട്ര, സീനിയർ താരങ്ങളായ ജെയിംസ് മിൽനർ, ജോർദാൻ ഹെൻഡേഴ്‌സൺ, ഫാബീഞ്ഞോ, ഫിർമിനോ അടക്കമുള്ളവർ ടീം വിട്ടു. എന്നാൽ ഈ താരങ്ങൾക്ക് പകരക്കാരായി ബ്രൈറ്റണിൽ നിന്ന് അലക്‌സിസ് മക് അലിസ്റ്റർ, ആർബി ലെയ്‌പ്‌സിഗിൽ നിന്ന് ഡൊമിനിക് സോബോസ്ലായ് എന്നിവരുമായി കരാറിലെത്തിയതൊഴിച്ചാൽ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ കാര്യമായ ഇടപെടലുകൾ നടത്തിയിട്ടില്ല.
എന്നാല്‍, ടീമിന്‍റെ പ്രതീക്ഷ മുഴുവനും യൂര്‍ഗന്‍ ക്ലോപ്പിന്‍റെ തന്ത്രങ്ങളിലാണ്. മുഹമ്മദ് സല, ഡാര്‍വിന്‍ നൂനസ്, കോഡി ഗാക്‌പോ, ഡിയഗോ ജോട്ട എന്നിവര്‍ മുന്നേറ്റത്തിൽ ടീമിന് കരുത്താകും. വാൻ ഡിജിക്, അലക്‌സാണ്ടർ അർനോൾഡ്, ആൻഡി റോബർട്‌സൺ തുടങ്ങിയവരാണ് പ്രതിരോധം കാക്കുന്നത്. എന്നാൽ തുടർച്ചയായി മത്സരങ്ങൾക്കിടയിൽ ഈ താരങ്ങൾക്ക് വിശ്രമം നൽകണമെങ്കിൽ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം ടീമിലുണ്ട്.
പ്രീമിയർ ലീഗിലെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള ടീമുകൾ വമ്പൻ താരങ്ങളെയാണ് ടീമിലെത്തിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മുന്നേറ്റത്തിലൊഴികെ കാര്യമായ വെല്ലുവിളി നേരിടുന്ന ലിവർപൂർ എത്രമാത്രം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. കഴിഞ്ഞ സീസണില്‍ കറുത്തകുതിരകളായ ന്യൂകാസിലും ഉനായ് എമെറിയുടെ കീഴിൽ ഉയർന്നുവരുന്ന ആസ്റ്റൺ വില്ല, വെസ്‌റ്റ്‌ഹാം യുണൈറ്റഡ്, ഫുൾഹാം, ബ്രെന്‍റ്‌ഫോർഡ് ടീമുകളും വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്.
സലായിലാണ് പ്രതീക്ഷ; മുന്നേറ്റത്തിൽ മുഹമ്മദ് സലായിൽ തന്നെയാണ് ടീമിന്‍റ പ്രതീക്ഷ. കഴിഞ്ഞ സീസണിലെ ടീമിന്‍റെ മോശം പ്രകടനത്തിലും 51 മത്സരങ്ങളിൽ 30 തവണ ഗോൾവല കുലുക്കിയിരുന്നു. അതോടൊപ്പം കിരീടപ്പോരാട്ടത്തിൽ വെല്ലുവിളി ഉയർത്താൻ പ്രതിരോധത്തിന്‍റെ പ്രകടനവും നിർണായകമാണ്. മുൻ നായകനായ ഹെൻഡേഴ്‌സണും വൈസ് ക്യാപ്റ്റൻ മിൽനറും ടീം വിട്ടതോടെ വാൻ ഡിജികാണ് പുതിയ നായകൻ. പ്രതിരോധത്തിന്‍റെ ചുമതലയ്‌ക്കൊപ്പം ടീമിനെ ഒത്തിണക്കത്തോടെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തവും താരം വഹിക്കേണ്ടതുണ്ട്.
പോരായ്‌മകൾ ; അലക്‌സിസ് മക് അലിസ്റ്റർ, ഡൊമിനിക് സോബോസ്ലായ് എന്നിവരെ മധ്യനിരയിലേക്ക് കൊണ്ടുവന്നെങ്കിലും ഒരു ഡിഫൻസീവ് മിഡ്‌ഫിൽഡറുടെ അഭാവവമുണ്ട്. മധ്യനിരയിൽ കളിനിയന്ത്രിച്ചിരുന്ന തിയാഗോ അൽകാൻട്ര ടീം വിടുമെന്ന് ഏറെ ഉറപ്പായിരിക്കുകയാണ്. 18-കാരനായ സ്റ്റെഫാൻ ബജ്‌സെറ്റിക്ക് മാത്രമാണ് നിലവിൽ ടീമിലുള്ള ഏക പ്രതിരോധ മിഡ്‌ഫീൽഡർ. സതാംപ്‌ടണിൽ നിന്ന് റോമിയോ ലാവിയയും ബ്രൈറ്റണിൽ നിന്ന് മോയിസസ് കെയ്‌സെഡോയും ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. എന്നാൽ ചെൽസിയും ഇതേ താരങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചതോടെ ഇവരുടെ വരവ് അനിശ്ചിതത്തിലാണ്. വാൻ ഡിജികിന് കൂട്ടായി മറ്റൊരു സെന്‍റർ ബാക്കിനെയും ടീമിൽ അത്യാവശ്യമാണ്. ട്രാൻസ്ഫർ ടാർഗറ്റുകളായിരുന്ന ജുറിയൻ ടിംബർ ആഴ്‌സണലിലേക്കും, കിം മിൻ-ജെ ബയേണുമായും കരാറിലെത്തി.