ലണ്ടന്‍: പരിശീലകനായി ഫ്രാങ്ക് ലാംപാർഡിനെ തിരിച്ചെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി. പുറത്താക്കപ്പെട്ട ഗ്രഹാം പോട്ടറിന് പകരക്കാരനായാണ് ചെല്‍സി ഇടക്കാല പരിശീലകനായി ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചത്. നിലവിലെ സീസണ്‍ അവസാനിക്കും വരെയാണ് നിയമനം.
കഴിഞ്ഞ ജനുവരിയില്‍ എവർട്ടണ്‍ പുറത്താക്കിയതിന് ശേഷം 44കാരനായ ഫ്രാങ്ക് ലാംപാർഡ് ഒരു ടീമിന്‍റേയും ചുമതലയിലുണ്ടായിരുന്നില്ല. നേരത്തെ 2019 മുതൽ 2021 ജനുവരി വരെയായിരുന്നു ലാംപാർഡ് ചെൽസിയെ പരിശീലിപ്പിച്ചത്. ടീമിനെ എഫ്‌എ കപ്പിന്‍റെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതായിരുന്നു പ്രധാന നേട്ടം.
പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരെ ശനിയാഴ്‌ച നടക്കുന്ന മത്സരത്തിലാണ് ലംപാര്‍ഡ് ചുമതലയേല്‍ക്കുക. ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്ക് നേരത്തെ മൗറീഷ്യോ പോച്ചെറ്റിനോ, ലൂയിസ് എൻറിക്വേ, ജൂലിയൻ നാഗെൽസ്‌മാൻ തുടങ്ങിയ പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു. സ്ഥിരമായ ഒരു പരിശീലകനെ കണ്ടെത്താനുള്ള "സമഗ്രമായ പ്രക്രിയ" നടക്കുന്നുണ്ടെന്ന് ചെല്‍സി അറിയിച്ചിട്ടുണ്ട്.
ക്ലബിനായി തന്‍റെ ഏറ്റവും മികച്ചത് നല്‍കാന്‍ ആഗ്രഹിക്കുന്നതായും, അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ഫ്രാങ്ക് ലാംപാർഡ് പ്രതികരിച്ചു. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറ്റം നടത്താന്‍ കഴിഞ്ഞുവെങ്കിലും പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനമാണ് ചെല്‍സി നടത്തുന്നത്.
ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ ഇരുപാദങ്ങളിലും കീഴടക്കിയ സംഘം ഗ്രൂപ്പ് ജേതാക്കളായിരുന്നു. തുടര്‍ന്ന് പ്രീക്വാർട്ടിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ തോല്‍പ്പിച്ചാണ് ടീം അവസാന എട്ടില്‍ ഇടം നേടിയത്. ക്വാർട്ടറില്‍ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡാണ് ചെൽസിയുടെ എതിരാളി.