കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഇഞ്ചുറി ടൈമില്‍ ജയം പിടിച്ച് ചെല്‍സി, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്, ലിവര്‍പൂളിന് വീണ്ടും സമനില കുരുക്ക്

സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ബ്രൈറ്റണെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ മത്സരത്തിലേക്ക് തിരികെയെത്തിയത്.

chelsea vs crystal palace  english premier league  liverpool vs brighton  chelsea FC  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ആഴ്‌സണല്‍  ചെല്‍സി  ചെല്‍സി vs ബ്രൈറ്റണ്‍  ആഴ്‌സണല്‍ vs ടോട്ടനം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഇഞ്ചുറി ടൈമില്‍ ജയം പിടിച്ച് ചെല്‍സി, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്, ലിവര്‍പൂളിന് വീണ്ടും സമനില കുരുക്ക്

By

Published : Oct 2, 2022, 11:07 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ബ്രൈറ്റണ്‍. ആറു ഗോള്‍ ത്രില്ലറില്‍ ഇരുടീമുകളും മൂന്ന് വീതം ഗോള്‍ നേടി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ മത്സരത്തിലേക്ക് തിരികെയെത്തിയത്.

ബ്രൈറ്റണ് വേണ്ടി ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ഹാട്രിക്ക് നേടി. റോബര്‍ട്ടോ ഫിര്‍മിനോയുടെ ഇരട്ട ഗോളുകളും ആദം വെബ്‌സ്റ്ററുടെ സെല്‍ഫ് ഗോളുമാണ് ലിവര്‍പൂളിന്‍റെ പട്ടികയിലുള്ളത്. മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ ട്രൊസാര്‍ഡ് ബ്രൈറ്റണെ മുന്നിലെത്തിച്ചു.

17-ാം മിനിട്ടിലും താരം ലക്ഷ്യം കണ്ടതോടെ സംഘം രണ്ട് ഗോളിന് മുന്നിലെത്തി. ആദ്യ പകുതിയുടെ 33-ാം മിനിട്ടിലാണ് ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കിയത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ 54-ാം മിനിട്ടിലും ഫിര്‍മിനോ ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ ഒപ്പമെത്തി.

63-ാം മിനിട്ടിലാണ് വെബ്‌സ്റ്ററുടെ ഓണ്‍ഗോള്‍ പിറന്നത്. ഇതോടെ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും 83-ാം മിനിട്ടില്‍ ട്രൊസാര്‍ഡ് ഹാട്രിക്ക് തികച്ചതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ലീഗില്‍ കളിച്ച ഏഴില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ലിവര്‍പൂളിന് വിജയിക്കാന്‍ കഴിഞ്ഞത്.

നാല് മത്സരങ്ങളില്‍ സമനില വഴങ്ങിയ സംഘം ഒരു കളി തോല്‍ക്കുകയും ചെയ്‌തു. ഇതോടെ 10 പോയിന്‍റുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ് സംഘം. മറുവശത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് ബ്രൈറ്റണ്‍ നടത്തുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 14 പോയിന്‍റുള്ള സംഘം നാലാം സ്ഥാനത്തെത്തി.

90-ാം മിനിട്ടില്‍ ചെല്‍സി: ക്രിസ്റ്റല്‍ പാലസിനെതിരെ ചെല്‍സി ഇഞ്ചുറി ടൈമില്‍ വിജയം പിടിച്ചെടുത്തു. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ഏഴാം മിനിറ്റില്‍ ഒഡ്‌സോന്നെ എഡ്വേര്‍ഡിലൂടെ ക്രിസ്റ്റല്‍ പാലസാണ് ആദ്യം മുന്നിലെത്തിയത്.

38-ാം മിനിറ്റില്‍ പിയറി എമെറിക് ഔബ്മെയാങിന്‍റെ ഗോളിലൂടെ ചെല്‍സി ഒപ്പം പിടിച്ചു. ഒടുവില്‍ 90-ാം മിനിട്ടിലാണ് ചെല്‍സിയുടെ വിജയഗോള്‍ പിറന്നത്. കോണര്‍ ഗാലഗറാണ് സംഘത്തിന്‍റെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡിനെ മറികടന്ന് ചെല്‍സി പോയിന്‍റ് പട്ടികയില്‍ അ‍ഞ്ചാം സ്ഥാനത്തേക്ക് കയറി.

ഏഴ്‌ മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 13 പോയിന്‍റാണ് സംഘത്തിനുള്ളത്. ഏഴ്‌ മത്സരങ്ങളില്‍ ആറ് പോയിന്‍റ് മാത്രമുള്ള പാലസ് 17-ാം സ്ഥാനത്താണ്.

ആഴ്‌സണല്‍ തലപ്പത്ത്:ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്ക് കയറി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ ജയം നേടിയത്. തോമസ് പാര്‍ട്ടി, ഗബ്രിയേല്‍ ജീസസ്, ഗ്രാനിത് സാഖ എന്നിവരാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്.

ഹാരി കെയ്‌നാണ് ടോട്ടനത്തിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റോടെയാണ് ആഴ്‌സണല്‍ തലപ്പത്തെത്തിയത്. ഏഴ്‌ വിജയവും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയില്‍.

ഇത്രയും മത്സരങ്ങളില്‍ 17 പോയിന്‍റോടെ ടോട്ടനം മൂന്നാം സ്ഥാനത്താണ്. അഞ്ച് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ടോട്ടനത്തിനുള്ളത്.

ABOUT THE AUTHOR

...view details