ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ സീസണിൽ ചെൽസി കടന്നുപോയത്. ഉടമസ്ഥാവകാശം കൈമാറിയതിന് പിന്നാലെ തുടർച്ചയായി പരിശീലകരെ പുറത്താക്കി. കോടികൾ മുടക്കി ടീമിലെത്തിച്ച പല താരങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ഇതോടെ പുതിയ പരിശീലകനായി മൗറിഷ്യോ പൊച്ചട്ടീനോയെ ചുമതലയേൽപിച്ച ചെൽസി അടിമുടി മാറ്റങ്ങളുമായിട്ടാണ് ഇത്തവണയെത്തുന്നത്.
ഈ ട്രാൻസ്‌ഫർ മാർക്കറ്റിൽ കൂട്ടത്തോടെ താരങ്ങളെ ഒഴിവാക്കി ചെൽസി നിരവധി യുവതാരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ, മാറ്റിയോ കൊവാസിച്ച്, കായ് ഹവേർട്‌സ്, ക്രിസ്റ്റ്യൻ പുലിസിച്ച്, മേസൺ മൗണ്ട് എന്നിവരെല്ലാം യൂറോപ്പിലെ വിവിധ ക്ലബുകളുമായി കരാറിലെത്തി. എൻഗോളോ കാന്‍റെ, ഹാകിം സിയെച്ച്, എഡ്വാർഡ് മെൻഡി, പിയെറിക് ഒബാമെയങ്, റൊമേലു ലുകാകു, ഖാലിദോ കൗലിബാലി അടക്കമുള്ളവർ സൗദിയിലേക്കാണ് കളംമാറ്റിയത്.
മുൻ ടോട്ടൻഹാം പരിശീലകനായിരുന്ന മൗറീഷ്യോ പൊച്ചെട്ടിനോ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ മുന്നിലുള്ള പരിശീലകനാണ്. ഇതാണ് ചെൽസി മാനേജ്‌മെന്‍റിന്‍റെയും യുവതാരങ്ങളുടെയും പ്രതീക്ഷ. 30 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ച നേരിടുന്ന ക്ലബിനെ തിരികെ ഫോമിലേക്ക് എത്തിക്കുന്നതോടൊപ്പം ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിച്ച യുവതാരങ്ങളെ പരമാവധി ഉപയോഗിച്ച് ഭാവി ലക്ഷ്യമിട്ട് മികച്ച ടീമിനെ പുനർനിർമിക്കുക എന്ന വലിയൊരു ദൗത്യമാണ് പൊച്ചെട്ടീനോയുടെ മുന്നിലുള്ളത്.
ക്രിസ്റ്റഫർ എൻകുങ്കു, മൊണാകോയിൽ നിന്ന് 38 മില്യൺ പൗണ്ട് മുടക്കി ടീമിലെത്തിച്ച ആക്സൽ ഡിസാസി, വില്ലാറയലിൽ നിന്നും സ്വന്തമാക്കിയ നിക്കോളാസ് ജാക്സൺ എന്നിവരാണ് പുതുതായി ടീമിലെത്തിയ യുവതാരങ്ങൾ. ബ്രൈറ്റണിൽ നിന്ന് ഗോൾകീപ്പർ റോബർട്ട് സാഞ്ചസും എത്തിയിട്ടുണ്ട്. ഇവർക്കൊപ്പം കഴിഞ്ഞ ജനുവരിയിൽ സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ്, മുഡ്രിക്, ലെവി കോൾവിൽ തുടങ്ങിയവരും ടീമിലുണ്ട്.
കിരീടം എന്നതിലുപരി കഴിഞ്ഞ സീസണിലെ 12-ാം സ്ഥാനം എന്ന മോശം പ്രകടനത്തിൽ നിന്നും ഭേദപ്പെട്ട പ്രകടനം എന്നതാകും പൊച്ചെട്ടിനോ ലക്ഷ്യമിടുന്നത്. പ്രീമിയർ ലീഗിൽ ആദ്യ ആറിലെത്താനായിരിക്കും ശ്രമം. പൊച്ചെറ്റിനോ ക്ലബിന്‍റെ എല്ലാ തലങ്ങളിലും നിലവാരം ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പോരായ്‌മ; മികച്ച യുവതാരങ്ങളെ ടീമിലെത്തിച്ചെങ്കിലും സെൻട്രൽ മിഡ്‌ഫീൽഡിൽ എൻസോയുടെ പങ്കാളിയായി ഒരു താരത്തിന്‍റെ അഭാവവമുണ്ട്. മാസങ്ങളായി ബ്രൈറ്റൺ താരം കൈസെഡോയ്‌ക്കായി ക്ലബ് ശ്രമം നടത്തുകയാണ്. അതോടൊപ്പം തന്നെ പരിഗണനയിലുള്ള ടൈലർ ആഡംസ്, റോമിയോ ലാവിയ എന്നിവരും ടീമിലെത്തിയാൽ അത് മധ്യനിരയ്‌ക്ക് ഗുണം ചെയ്യും. ഗോളടിക്കാൻ മറക്കുന്ന മുന്നേറ്റനിരയായിരുന്നു മറ്റൊരു പ്രധാന പ്രശ്‌നം. ലെയ്‌പ്‌സിഗിൽ നിന്ന് 50 മില്യൺ പൗണ്ടിന്‍റെ കരാറിൽ ടീമിലെത്തിയ ക്രിസ്റ്റഫർ എൻകുങ്കു പരിക്കിന്‍റെ പിടിയിലാണ്. കരുത്തരായ ലിവര്‍പൂളിനെതിരെയാണ് ചെൽസിയുടെ ആദ്യ മത്സരം.
ALSO RAED :ലോകമാകെ പടർന്ന് പിടിക്കാൻ യൂറോപ്യൻ ഫുട്‌ബോൾ ജ്വരം; ആഴ്‌സണലും റയൽ മാഡ്രിഡുമടക്കം വമ്പൻമാർ ഇന്ന് കളത്തിൽ