ലണ്ടൻ : പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരട്ടത്തിൽ ചെൽസിയും ലിവർപൂളും സമനിലകൊണ്ട് തൃപതിപ്പെട്ടു. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ലിവർപൂളിനായി ലൂയിസ് ഡിയാസ് വലകുലുക്കിയപ്പോൾ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അക്‌സൽ ഡിസാസിയാണ് ചെൽസിയുടെ ഗോൾ നേടിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂളിന്‍റെ മേധാവിത്തമാണ് കാണാനായത്. തുടക്കത്തിൽ തന്നെ ലിവർപൂൾ മുന്നിലെത്തിയെന്ന് തോന്നിപ്പിച്ചെങ്കിലും സലാഹിന്‍റെ ഗോൾശ്രമം ബാറിൽ തട്ടിമടങ്ങി. മത്സരത്തിന്‍റെ 18-ാം മിനിട്ടിൽ സലാഹിന്‍റെ പാസിൽ നിന്നുള്ള മനോഹരമായ പാസിൽ നിന്ന് ലൂയിസ് ഡിയാസ് ഗോൾ കണ്ടെത്തി. 29-ാം സലാഹിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡായതിനാൽ ഗോൾ നിഷേധിച്ചു.
37-ാം മിനിട്ടിൽ അക്‌സൽ ഡിസാസിയുടെ ഫിനിഷിൽ ചെൽസി സമനില കണ്ടെത്തി. ബെൻ ചിൽവെലിന്‍റെ അസിസ്റ്റിൽ നിന്നായിരുന്നു ഡിസാസിയുടെ ചെൽസി കുപ്പായത്തിലെ ആദ്യ ഗോൾ പിറന്നത്. പിന്നാലെ ചിൽവെൽ നേടിയ ഗോളും വാർ പരിശോധനയിൽ ഓഫ്‌സൈഡ് വിധിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനാകാത്തതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. പുതിയ പരിശീലകൻ മൗറിഷ്യോ പൊച്ചെട്ടീനോയ്‌ക്ക് കീഴിൽ മികച്ച കളിയാണ് ചെൽസി പുറത്തെടുത്ത്. കഴിഞ്ഞ സീസണിലെ മോശം ഫോമിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ചെൽസിക്ക് ആശ്വാസം നൽകുന്ന തുടക്കമായിരുന്നുവിത്. പുതുതായി ടീമിലെത്തിയവരടക്കമുള്ള യുവതാരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.