ലണ്ടന്‍ :ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്‍റ് ഫോര്‍ഡിനെയാണ് യുണൈറ്റഡ് കീഴടക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്.
55ാം മിനിട്ടില്‍ യുവതാരം ആന്‍റണി എലാംഗയാണ് യുണൈറ്റഡിന്‍റെ ആദ്യ ഗോള്‍ നേടിയത്. ഫ്രെഡിന്‍റെ പാസാണ് ഗോളിന് വഴിയൊരുക്കിയത്. 62ാം മിനിട്ടില്‍ മാസണ്‍ ഗ്രീന്‍വുഡിലൂടെയും, 77ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെയും യുണൈറ്റഡ് ഗോള്‍ പട്ടിക തികച്ചു.
85ാം മിനിട്ടില്‍ ഇവാന്‍ ടോണിയാണ് ബ്രെന്‍റ് ഫോര്‍ഡി ആശ്വാസ ഗോള്‍ നേടിയത്. ഒരു ലോങ് ത്രോയില്‍ നിന്നാണ് ഈ ഗോളിന്‍റെ പിറവി.
അതേസമയം യുണൈറ്റഡിനേക്കാള്‍ ഗോള്‍ ശ്രമങ്ങള്‍ ബ്രെന്‍റ് ഫോര്‍ഡിന്‍റെ ഭാഗത്ത് നിന്നുണ്ടായി. എട്ട് ഷോട്ടുകളാണ് ബ്രെന്‍റ് ഫോര്‍ഡ് ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തത്. യുണൈറ്റഡ് അഞ്ചിലൊതുങ്ങി.
also read: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് : അയര്‍ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ ക്വാര്‍ട്ടറില്‍
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്. 21 മത്സരങ്ങളില്‍ നിന്ന് 35 പോയിന്‍റാണ് സംഘത്തിനുള്ളത്. അതേസമയം 22 മത്സരങ്ങളില്‍ 23 പോയിന്‍റുമായി 14ാം സ്ഥാനത്താണ് ബ്രെന്‍റ് ഫോര്‍ഡ്.
ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയം പിടിച്ചപ്പോള്‍ ബ്രൈറ്റനെതിരെ ചെല്‍സി സമനിലയില്‍ കുരുങ്ങി. ഓരോ ഗോളുകള്‍ നേടിയാണ് ഇരുസംഘവും സമനില പാലിച്ചത്.