ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ നാലം ജയം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പീരങ്കിപ്പട തകര്‍ത്തത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ആഴ്‌സണല്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്.
ആഴ്‌സണലിനായി മാര്‍ട്ടിന്‍ ഒഡേഗാര്‍ഡും ഗബ്രിയേല്‍ മഗല്‍ഹെയ്‌സും ലക്ഷ്യം കണ്ടു. അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് ഫുള്‍ഹാമിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മിട്രോവിച്ചിലൂടെ ഫുള്‍ഹാം മുന്നിലെത്തി. ആഴ്‌സണല്‍ പ്രതിരോധ താരം ഗബ്രിയേലിന്‍റെ പിഴവ് മുതലെടുത്ത മിട്രോവിച്ച് 56-ാം മിനിട്ടിലാണ് പന്ത് വലയിലെത്തിച്ചത്. 10 മിനിട്ടിനുള്ളില്‍ ആഴ്‌സണല്‍ തിരിച്ചടിച്ചു. ഒഡേഗാര്‍ഡിന്‍റെ ഗോളിന് വഴിയൊരുക്കിയത് ബുക്കായോ സാക്കയാണ്.
സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തില്‍ 85-ാം മിനിട്ടിലാണ് ആഴ്‌സണലിന്‍റെ വിജയ ഗോള്‍ പിറന്നത്. ബോക്‌സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗബ്രിയേല്‍ ആഴ്‌സണലിനായി പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. മത്സരത്തിന്‍റെ 72 ശതമാനവും പന്ത് കൈവശം വച്ചത് ആഴ്‌സണലാണ്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരാനും ആഴ്‌സണലിന് കഴിഞ്ഞു. നാല് മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റാണ് സംഘത്തിനുള്ളത്.
ലെസ്റ്ററിനെതിരെ ചെല്‍സിക്ക് ജയം:മറ്റൊരു മത്സരത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ചെല്‍സിക്കായി റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി. മത്സരത്തിന്‍റെ 28-ാം മിനിട്ടില്‍ തന്നെ കോണർ ഗാലഗർ ചുവപ്പ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ചെല്‍സി കളിച്ചത്.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. സീസണില്‍ ചെല്‍സിയുടെ രണ്ടാം ജയമാണിത്. നാല് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള സംഘം ഏഴ് പോയിന്‍റോടെ ആറാം സ്ഥാനത്താണ്.
also read:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഹാട്രിക് മികവുമായി ഹാലണ്ട്; പാലസിനെതിരെ സിറ്റിക്ക് തകര്‍പ്പന്‍ തിരിച്ചുവരവ്