കേരളം

kerala

ETV Bharat / sports

രക്ഷകനായി ആരോൺ റംസ്‌ഡെൽ; ലിവർപൂളിനെതിരെ സമനിലയുമായി രക്ഷപ്പെട്ട് ആഴ്‌സണൽ

ആദ്യപകുതിയിൽ രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷമാണ് ആഴ്‌സണൽ സമനില വഴങ്ങിയത്. മാർട്ടിനെല്ലി, ജീസസ് എന്നിവർ ആഴ്‌സണലിനായി സ്‌കോർ ചെയ്‌തപ്പോൾ സലാഹ്, ഫിർമിനോ എന്നിവരാണ് ലിവർപൂളിന്‍റെ ഗോളുകൾ നേടിയത്.

English Premier League  Arsenal vs Liverpool  Arsenal  Liverpool  ആരോൺ റംസ്‌ഡെൽ  Aaron Ramsdale  Premier League  EPL  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  ആഴ്‌സണൽ  ലിവർപൂൾ
ലിവർപൂളിനെതിരെ സമനിലയുമായി രക്ഷപ്പെട്ട് ആഴ്‌സണൽ

By

Published : Apr 10, 2023, 7:59 AM IST

ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ലിവർപൂളും ആഴ്‌സണലും സമനിലയിൽ പിരിഞ്ഞു. 11 വർഷത്തിനിടെ ആൻഫീൽഡിൽ ലിവർപൂളിനെ തോൽപിക്കാനാകാത്ത ആഴ്‌സണൽ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. മത്സരത്തിൽ നിർണായകമായ സേവുകൾ നടത്തിയ ഗോൾ കീപ്പർ റാംസ്‌ഡെലാണ് ആഴ്‌സണിലിനെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ആദ്യ 30 മിനിറ്റിനിടെ രണ്ട് ഗോളുകളുടെ ലീഡെടുത്ത ശേഷമാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണൽ സമനിലയിൽ തൃപ്‌തിപ്പെട്ടത്. ഇതോടെ ആൻഫീൽഡിൽ ലിവർപൂളിനെ തോൽപ്പിക്കാൻ ആഴ്‌സണൽ ഇനിയും കാത്തിരിക്കണം.

അതോടൊപ്പം തന്നെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കിരീടപ്പോരിൽ ആഴ്‌സണലിന് സമ്മർദമേറുകയും ചെയ്‌തു. ആഴ്‌സണലിനേക്കാൾ ഒരു മത്സരം കുറവ് കളിച്ച സിറ്റി ആറ് പോയിന്‍റ് മാത്രം പിന്നിലാണ്. ലീഗിൽ എട്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ആഴ്‌സണലിനെതിരെ മത്സരം ബാക്കിയുള്ളതും സിറ്റിക്ക് ആത്മവിശ്വാസം നൽകും. പോയിന്‍റ് നിലയിൽ ഒപ്പമെത്താനായാൽ ഗോൾ വ്യത്യാസത്തിലും നേർക്കുനേർ പോരാട്ടത്തിലെ വിജയവും സിറ്റിയെ ഒന്നാം സ്ഥാനത്തെത്തിക്കും.

ആൻഫീൽഡിൽ മികച്ച രീതിയിൽ തുടങ്ങിയ ഗണ്ണേഴ്‌സ്, മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ബുക്കായോ സാക്ക നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലിവർപൂൾ ഡിഫൻഡർ വാൻഡിജിക്കിന്‍റെ കാലിൽ തട്ടിത്തെറിച്ചെത്തിയ പന്ത് അനായാസം മാർട്ടിനെല്ലി വലയില്‍ എത്തിക്കുകയായിരുന്നു. 28-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് പീരങ്കിപ്പടയുടെ ലീഡ് രണ്ടാക്കി ഉയർത്തി.

ബോക്‌സിന്‍റെ ഇടതുഭാഗത്ത് നിന്നും മാർട്ടിനെല്ലി നൽകിയ ക്രോസിൽ നിന്നും ഹെഡറിലൂടെയാണ് ഗോൾ കീപ്പർ അലിസണെ കാഴ്‌ചക്കാരനാക്കി പന്ത് വലയിലെത്തിയത്. രണ്ട് ഗോളുകൾക്കും പിന്നിലായിട്ടും ലിവർപൂൾ നടത്തിയ പോരാട്ടം ആദ്യ ഗോളിൽ കലാശിച്ചു. 42-ാം മിനിറ്റിൽ ഹെൻഡേഴ്‌സൺ നൽകിയ പാസിൽ നിന്നും സലാഹാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതി 2-1 ന് പിരിഞ്ഞു.

രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തിയ ലിവർപൂൾ കൂടുതൽ മുന്നേറ്റങ്ങളുമായി ആഴ്‌സണലിനെ വിറപ്പിച്ചു. തുടരാക്രമണത്തിന് പിന്നാലെ ഡിയാഗോ ജോട്ടയെ ആഴ്‌സണൽ പ്രതിരോധ താരം വീഴ്‌ത്തിയതിന് ലിവർപൂളിന് അനുകൂലമായ പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത സലാഹ് പന്ത് പുറത്തേക്കടിച്ചതോടെ ആഴ്‌സണലിന് ആശ്വാസം. പിന്നാലെ രണ്ട് തവണ ഗോളിനടുത്തെത്തിയെങ്കിലും റാംസ്‌ഡെലിന്‍റെ പ്രകടനമാണ് ലിവർപൂളിനെ തടഞ്ഞത്. 57-ാം മിനിറ്റിൽ സലാഹിന്‍റെ ശക്തമായ ഷോട്ട് തടഞ്ഞ താരം 81-ാം മിനിറ്റിൽ ഡാർവിൻ നൂനസിന്‍റെ ഗോളുറപ്പിച്ച വിഫലമാക്കി.

പകരക്കാരനായി ഇറങ്ങിയ ഫിർമോനയാണ് ലിവർപൂളിന് സമനില സമ്മാനിച്ചത്. ആഴ്‌സണൽ പ്രതിരോധത്തെ കബളിപ്പിച്ച് ബോക്‌സിൽ കടന്ന അലക്‌സാണ്ടർ അർനോൾഡ് നൽകിയ ക്രോസിൽ നിന്നാണ് ഫിർമിനോ, റാംസ്‌ഡെലിനെ മറികടന്നത്. തുടർന്നും ലിവർപൂളിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പറുടെ മികവിൽ ആഴ്‌സണലിന് സമനിലയുമായി മടങ്ങാനായി.

പ്രീമിയർ ലീഗിൽ 10 തവണ ആൻഫീൽഡിൽ കളിച്ച ആഴ്‌സണൽ മൂന്ന് സമനിലയും ഏഴ് തവണ തോൽവിയും ഏറ്റുവാങ്ങി. ഒക്ടോബറിൽ ലീഡ്‌സ് യുണൈറ്റഡിനെതിരായ തോൽവിയോടെ ആൻഫീൽഡിൽ അവരുടെ അവസാന 37 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്ന് മാത്രമേ ലിവർപൂൾ തോറ്റിട്ടുള്ളൂ. 27 മത്സരങ്ങൾ ജയിച്ച ചെമ്പട ഒമ്പത് മത്സരങ്ങളിൽ സമനില വഴങ്ങി.

ABOUT THE AUTHOR

...view details