വില്ല പാർക്ക് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരെയുള്ള പരാജയങ്ങൾക്കും സമനിലകൾക്കുമൊടുവിൽ വിജയ വഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ. വാശിയേറിയ മത്സരത്തിൽ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ വിജയിച്ചത്. അവസാന നിമിഷം വരെ നാടകീയതകൾ നിറഞ്ഞ മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന രണ്ട് ഗോളുകളുടെ പിൻബലത്തിലായിരുന്നു ആഴ്‌സണലിന്‍റെ വിജയം. 90 മിനിട്ടുവരെ 2 ഗോളുകൾക്ക് ഇരുടീമുകളും സമനില പാലിച്ച മത്സരത്തിൽ അസ്റ്റണ്‍ വില്ലയെ ഞെട്ടിച്ചുകൊണ്ടായിരുന്നു അഴ്‌സണൽ മത്സരം വരുതിയിലാക്കിയത്.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിൽ നിന്നാണ് അവസാന മിനിട്ടുകളിൽ രണ്ട് ഗോളുകളുമായി ആഴ്‌സണൽ ഞെട്ടിച്ചത്. അധിക സമയത്തിന്‍റെ മൂന്നാം മിനിട്ടിൽ ജോർജീഞ്ഞോയുടെ തകർപ്പനൊരു ലോങ് റേഞ്ചർ ആസ്റ്റണ്‍ ഗോളി എമിലിയാനോ മാർട്ടിനസിന്‍റെ തലയിൽ തട്ടി ഗോളായി മാറുകയായിരുന്നു. ഇതോടെ ആഴ്‌സണൽ ഒരു ഗോൾ മുന്നിലായി.
പിന്നാലെ അവസാന മിനിട്ടുകളിൽ സമനില ഗോളിനായി ആസ്റ്റണ്‍ ഗോളി മാർട്ടിനസ് ഗോൾപോസ്റ്റ് വിട്ടിറങ്ങി. കിട്ടിയ അവസരം മുതലാക്കി മത്സരത്തിന്‍റെ അവസാന മിനിട്ടിൽ ഗോളിയില്ലാത്ത ഒഴിഞ്ഞ പോസ്റ്റിലേക്ക് കൗണ്ടർ അറ്റാക്കിലൂടെ മാർട്ടിനെല്ലി ആഴ്‌സണലിന്‍റെ നാലാം ഗോളും വിജയവും സ്വന്തമാക്കുകയായിരുന്നു.
തുടക്കം കസറി, ഒടുക്കം പാളി: ആഴ്‌സണലിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്‍റെ അഞ്ചാം മിനിട്ടിൽ ഒല്ലി വാട്‌കിൻസിലൂടെ ആസ്റ്റണ്‍ വില്ലയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ ആഴ്‌സണൽ തിരിച്ചടിച്ചു. 16-ാം മിനിട്ടിൽ ബുക്കായോ സാക്കയാണ് ഗോൾ നേടിയത്. ഇതോടെ മത്സരം ഒരു ഗോളിന് സമനിലയിലായി. ഇതോടെ മത്സരം കൂടുതൽ ആവേശത്തിലായി.