ബറ്റുമി (ജോര്‍ജിയ):അണ്ടര്‍ 21 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് (U21 European Championship) കിരീടത്തിന് വേണ്ടിയുള്ള 39 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട് (England). അജാരബെറ്റ് അരീനയില്‍ (Adjarabet Arena) നടന്ന കലാശപ്പോരാട്ടത്തില്‍ സ്‌പെയിനെ (Spain) വീഴ്‌ത്തിയാണ് ഇംഗ്ലീഷ് കൗമാരസംഘം കിരീടത്തില്‍ മുത്തമിട്ടത്. കർട്ടിസ് ജോൺസ് (Curtis Jones) നേടിയ ഏക ഗോളിനാണ് ഇംഗ്ലീഷ് സംഘം ഫൈനലില്‍ ജയം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ അവസാന നിമിഷം സ്‌പെയിന് ലഭിച്ച പെനാല്‍റ്റി രക്ഷപ്പെടുത്തിക്കൊണ്ട് ഗോള്‍ കീപ്പര്‍ ജെയിംസ് ട്രാഫോർഡ് (James Trafford) ആണ് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിച്ചത്. ടൂര്‍ണമെന്‍റില്‍ അപരാജിത കുതിപ്പായിരുന്നു ഇംഗ്ലണ്ടിന്‍റെ യുവതുര്‍ക്കികള്‍ നടത്തിയത്. ഫൈനലില്‍ ഉള്‍പ്പടെ കളിച്ച ആറ് മത്സരങ്ങളിലും ജയം പിടിക്കാന്‍ ലീ കാർസ്‌ലിയുടെ (Lee Carsley) സംഘത്തിനായി. നിലവിലെ അണ്ടര്‍ 19 യൂറോപ്യന്‍ ചാമ്പ്യന്‍മാരാണ് ഇംഗ്ലണ്ട്. 2017ല്‍ അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകളും ത്രീലയണ്‍സിന്‍റെ യുവ താരങ്ങള്‍ നേരത്തെ നേടിയിട്ടുണ്ട്.
അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ മികച്ച രീതിയില്‍ തന്നെ കളി തുടങ്ങാന്‍ രണ്ട് ടീമിനുമായി. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ ആദ്യ ഗോളിനായി കാത്തിരിക്കേണ്ടി വന്നു. കർട്ടിസ് ജോൺസ് നേടിയ ആ ഗോളില്‍ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ തന്നെ മുന്നിലെത്തി.
രണ്ടാം പകുതി തുടങ്ങി നാല് മിനിട്ട് പിന്നിട്ടപ്പോഴേക്കും സ്‌പെയിന്‍ ഇംഗ്ലണ്ടിന്‍റെ വലയില്‍ പന്തെത്തിച്ചിരുന്നു. എന്നാല്‍, വാര്‍ പരിശോധനയില്‍ എബെല്‍ റൂയിസ് (Abel Ruiz) ഓഫ്‌സൈഡെന്ന് കണ്ടെത്തിയതോടെ സ്‌പെയിന് ഗോള്‍ നിഷേധിക്കപ്പെട്ടു. എങ്കിലും, പിന്നീട് മത്സരത്തിന്‍റെ നിയന്ത്രണം സ്‌പെയിന്‍ പതിയെ ഏറ്റെടുത്തു.