ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ആവേശത്തുടക്കം. ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ആഴ്‌സണലിന് മിന്നുന്ന വിജയം. ലീഗ് ഓപ്പണറിൽ തുടർച്ചയായ രണ്ടാം വർഷവും കളിക്കാനിറങ്ങിയ ഗണ്ണേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പാലസിനെ തോല്‍പ്പിച്ചത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളിന് പുറമെ മാര്‍ക് ഗുയേയുടെ സെല്‍ഫ് ഗോളുമാണ് ആഴ്‌സണലിന്‍റെ പട്ടികയിലുള്ളത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് വിജയത്തുടക്കം; ക്രിസ്റ്റല്‍ പാലസ് കീഴടങ്ങി - ലിവര്‍പൂള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ആഴ്‌സണല്‍ രണ്ട് ഗോളിന് തോല്‍പ്പിച്ചു.

മത്സരത്തിന്‍റെ 20-ാം മിനിട്ടില്‍ തന്നെ മാര്‍ട്ടിനെല്ലിയിലൂടെ മുന്നിലെത്താന്‍ ആഴ്‌സണലിന് കഴിഞ്ഞിരുന്നു. ഒലെക്‌സാണ്ടർ സിൻചെങ്കോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. 85-ാം മിനിട്ടിലാണ് ആഴ്‌സണലിന്‍റെ പട്ടികയിലെ രണ്ടാം ഗോളിന്‍റെ പിറവി. മത്സരത്തിന്‍റെ 57 ശതമാനവും പന്ത് കൈവശം വച്ചത് പാലസാണ്.
അതേസമയം ഇന്ന്(06.08.2022) ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം തുടങ്ങിയ വമ്പന്മാര്‍ കളത്തിലിറങ്ങും. ലിവര്‍പൂളിന് ഫുള്‍ഹാമാണ് എതിരാളി (5.00 pm). ചെല്‍സി എവര്‍ട്ടണുമായി ഏറ്റുമുട്ടും (10.00 pm). ടോട്ടനം സതാംപ്‌ടണെതിരായാണ് കളിക്കാനിറങ്ങുക (7.30 pm).