ദോഹ: അയൽക്കാരായ വെയ്‌ൽസിനെ കീഴടക്കി ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്‍റെ അവസാന പതിനാറിൽ. വെയ്ല്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു ത്രീ ലയൺസിന്‍റെ മൂന്നാം ഗോള്‍.
പ്രതിരോധപ്പുട്ടിട്ട് വെയ്‌ൽസ്: ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്‍റെ ഗോൾശ്രമങ്ങളെല്ലാം വെയ്‌ൽസ് പ്രതിരോധവും ഗോൾകീപ്പറും ചേർന്ന് വിഫലമാക്കി. 10-ാം മിനിറ്റിൽ തന്നെ ടീമിനെ മുന്നിലെത്തിക്കാനുള്ള റാഷ്ഫോര്‍ഡിന്‍റെ ശ്രമം ഗോൾകീപ്പർ രക്ഷപ്പെടുത്തി. ഹാരി കെയ്നിന്‍റെ പാസ് സ്വീകരിച്ച് ഗോളിലേക്ക് കുതിച്ച റാഷ്ഫോര്‍ഡിനെ മുന്നോട്ട് കയറിയാണ് വാർഡ് വിഫലമാക്കിയത്. ആദ്യ 30 മിനിറ്റിൽ 76 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ഇംഗ്ലണ്ടിന് ഗോളൊന്നും നേടാനാകാത്തതോടെ മത്സരം വിരസമായി. 37-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ റണ്ണിൽ നിന്ന് വന്ന അവസരം ഫിൽ ഫോഡനും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. 39-ാം മിനിറ്റില്‍ ഹെന്‍ഡേഴ്സന്‍റെ ക്രോസില്‍ ഡിഫ്ലക്ട് ചെയ്തുവന്ന പന്തില്‍ റാഷ്‌ഫോര്‍ഡിന്‍റെ ഓവര്‍ഹെഡ് കിക്ക് പുറത്തേക്ക് പോയി.
ഗര്‍ജ്ജിച്ച് ത്രീലയണ്‍സ്: മികച്ച രീതിയിൽ രണ്ടാം പകുതി തുടങ്ങിയ ഇംഗ്ലണ്ട് രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകളാണ് വെയ്‌ൽസ് വലയിലെത്തിച്ചത്. 50-ാം മിനിറ്റില്‍ ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത റാഷ്‌ഫോർഡിന് പിഴച്ചില്ല. ഗോൾകീപ്പർക്ക് യാതൊരുവിധ അവസരവും നൽകാതെ പന്ത് മനോഹരമായി ഗോൾ വലയുടെ വലത് കോർണറിൽ എത്തിച്ചു. റാഷ്ഫോർഡിന്റെ ഈ ലോകകപ്പിലെ രണ്ടാം ഗോൾ.