മഡ്രിഡ്:സ്‌പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ പടിയിറങ്ങും മുമ്പ് ആരാധകരോട് നന്ദി പറഞ്ഞ് യുറുഗ്വായ് സൂപ്പര്‍ സ്റ്റാര്‍ ലൂയി സുവാരസ്. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ തന്‍റെ അവസാന മത്സരം കളിച്ച സുവാരസ് നിറ കണ്ണുകളോടെയാണ് സ്റ്റേഡിയം വിട്ടത്. ലാ ലിഗയില്‍ സെവിയ്യയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് താരം ആരാധകരോട് നന്ദി പറഞ്ഞത്.
''ഞാൻ വന്നത് മുതൽ അവർ എനിക്ക് തന്ന സ്നേഹം അതിശയകരമാണ്, ഞാനത് മറക്കില്ല. കളിക്കളത്തില്‍ അതു ഞാന്‍ തിരികെ നൽകാൻ ശ്രമിച്ചു, എനിക്ക് മുന്നില്‍ അതിന്‍റെ വാതിലുകൾ തുറന്ന ഒരു ക്ലബ്ബിന് ഞാൻ 200 ശതമാനവും നൽകി. ഈ ക്ലബ്ബിന്‍റെ വാത്സല്യം എപ്പോഴും എന്നോടൊപ്പമുണ്ടാവും. അത്‌ലറ്റിക്കോയെ ഞാൻ എന്‍റെ ഹൃദയത്തിൽ കൂടെ കൊണ്ടുപോകും." സുവാരസ് പറഞ്ഞു.
ബാഴ്‌സലോണയില്‍ നിന്നും 2020ലാണ് രണ്ട് വര്‍ഷക്കരാറില്‍ സുവാരസ് അത്‌ലറ്റിക്കോയില്‍ എത്തുന്നത്. ഈ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് താരം ആരാധകരോട് ഔദ്യോഗികമായി തന്നെ വിടപറഞ്ഞത്.