പാരിസ്: ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനെതിരായ മത്സരത്തിന് മുൻപായി മെസിയെ കൂക്കിവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത പാരീസ് സെന്‍റ് ജെർമെയ്ൻ ആരാധകരെ വിമർശിച്ച് മുൻ ഫ്രഞ്ച് ഫുട്ബോൾ താരം ഇമ്മാനുവൽ പെറ്റിറ്റ്. ലിയോണിനെതിരായ മത്സരത്തിന് മുൻപായി പിഎസ്‌ജിയുടെ അന്തിമ ഇലവൻ പ്രഖ്യാപിക്കുന്നതിനിടെ മെസിയുടെ പേര് പറയുന്ന സമയത്താണ് ആരാധകരുടെ ആക്രോശമുയർന്നത്. നേരത്തെയും ആരാധകരിൽ നിന്നും സമാനമായ രീതിയിൽ പരിഹാസം നേരിട്ടിരുന്നു.
'മെസിക്കെതിരായ കൂക്കിവിളികളും ചൂളം വിളികളും ഫുട്‌ബോളിന് തന്നെ അപമാനമാണ്. ലിയോ, താങ്കൾ എത്രയും വേഗം ഈ ക്ലബ് വിടുക. ഇത് മികച്ച ഫുട്‌ബോൾ കളിക്കാനാകുന്ന ക്ലബല്ല, മറിച്ച് 20 വയസുള്ളവർക്ക് പോലും വിരമിക്കുന്നതിന് മുമ്പുള്ള ക്ലബ്ബ് മാത്രമാണ്. പിഎസ്‌ജിയിലെത്തിയ ഒരു കളിക്കാരനും ഇതുവരെ മുന്നേറിയിട്ടില്ല. അത് മെസിയുടെ കുറ്റമല്ല'. - പിഎസ്‌ജി ആരാധകർക്കുള്ള മറുപടിയിൽ പെറ്റിറ്റ് വ്യക്‌തമാക്കി.
ഈ സീസണിന്‍റെ അവസാനത്തോടെ പിഎസ്‌ജിയുമായി കരാർ അവസാനിക്കുന്ന മെസി പഴയ ക്ലബായ ബാഴ്‌സലോണയിൽ തിരികെയെത്താനുള്ള സാധ്യത ശക്‌തമാകുന്നതിനിടെയാണ് സൂപ്പർ താരത്തിനെതിരായ ആരാധകരുടെ പരസ്യമായ അവഹേളനങ്ങൾ. നിലവിൽ മെസി കരാർ പുതുക്കിയിട്ടില്ലെന്നാണ് പിഎസ്‌ജി പരിശീലകൻ പറഞ്ഞിരുന്നത്. ഇതിനിടെ മെസിയെ തിരികെയെത്തിക്കാൻ നീക്കം നടത്തുന്നതായി ബാഴ്‌സലോണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ താരം പഴയ തട്ടകത്തിലേക്ക് തിരികെയെത്തുമെന്ന് തന്നെയാണ് ആരാധകർ ഉറച്ച് വിശ്വസിക്കുന്നത്.
ലിയോണിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്വന്തം മൈതാനത്തിൽ തോൽവി ഏറ്റുവാങ്ങിയത്. കളത്തിൽ താളം കണ്ടെത്താൻ വിഷമിച്ച മെസി ഏതാനും നല്ല നീക്കങ്ങൾ നടത്തിയെങ്കിലും മത്സരത്തിലുടനീളം 26 തവണയാണ് പന്ത് നഷ്‌ടമാക്കിയത്. നേരത്തെ റെന്നസിനെതിരായ ഹോം മത്സരത്തിലും പിഎസ്‌ജി പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിലും പിഎസ്‌ജി ആരാധക സംഘമായ 'കലക്‌ടീവ് അൾട്രാസ് പാരിസ്' കൂവി വിളിച്ചാണ് മൈതാനത്ത് നിന്നും മടക്കിയത്.