കൊൽക്കത്ത : ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന അർജന്‍റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് മോഹൻ ബഗാന്‍റെ 'പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ്' ഉദ്ഘാടനം ചെയ്യും. ജൂലൈ 4 ന് ക്ലബ് സന്ദർശന വേളയിൽ ഫിഫ ലോകകപ്പ് ജേതാവായ മാർട്ടിനെസ് ഉദ്‌ഘാടനം നിർവഹിക്കുമെന്ന് മോഹൻ ബഗാൻ ക്ലബ് അധികൃതർ അറിയിച്ചു. പ്രൊമോഷണൽ പരിപാടിയുടെ ഭാഗമായാണ് 30-കാരനായ അര്‍ജന്‍റൈന്‍ ഗോൾകീപ്പർ കൊല്‍ക്കത്തയിൽ എത്തുന്നത്.
'കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മാർട്ടിനെസിനെ അഭിനന്ദിക്കുകയും താരം ഞങ്ങളുടെ ക്ലബ്ബിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ തെരഞ്ഞെടുത്ത ചില അംഗങ്ങളെ കാണുകയും ചെയ്യും'. മോഹൻ ബഗാൻ അവരുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ഇന്ത്യയിൽ സ്വകാര്യ സന്ദർശനത്തിനെത്തുന്ന മാർട്ടിനെസ് മറ്റു ചില പരിപാടികളിലും പങ്കെടുക്കും. മോഹൻ ബഗാൻ സന്ദർശിക്കുന്ന വേളയിൽ താരം ഒരു ചാരിറ്റി മത്സരത്തില്‍ മുഖ്യാതിഥിയായും പങ്കെടുക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ല താരമായ മാർട്ടിനെസ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയേയും സന്ദർശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി മോഹൻ ബഗാൻ ജനറൽ സെക്രട്ടറി ദേബാശിഷ് ദത്ത ഉൾപ്പെടെയുള്ളവരുമായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഐഎസ്‌എൽ ഫുട്‌ബോൾ ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് നന്ദി സൂചകമായി കത്ത് അയയ്ക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ഐഎസ്‌എൽ ജേതാക്കളായതിനും ക്ലബിന്‍റെ വികാരം മനസിലാക്കുന്നതിനും തങ്ങളുടെ ഫുട്ബോൾ ടീമിന്‍റെ പേര് 'മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്' എന്നാക്കി മാറ്റിയതിനും സഞ്ജീവ് ഗോയങ്കയ്ക്ക് ആത്മാർഥമായ നന്ദി രേഖപ്പെടുത്താൻ ഒരു കത്ത് അയയ്ക്കുമെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ക്ലബിന്‍റെ മുൻ ജനറൽ സെക്രട്ടറി അഞ്ജൻ മിത്രയുടെ പേരിൽ ഒരു മീഡിയ സെന്‍ററും ഉദ്ഘാടനം ചെയ്യും.