മെല്‍ബണ്‍: വിംബിൾഡൺ ചാമ്പ്യൻ എലീന റൈബാകിന ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ പ്രവേശിച്ചു. വനിത സിംഗിള്‍സിന്‍റെ ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോയെയാണ് കസാക്കിസ്ഥാന്‍ താരം തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 22-ാം സീഡായ എലീന ഫ്രഞ്ച് ഓപ്പൺ മുന്‍ ചാമ്പ്യനും 17-ാം സീഡുമായ ഒസ്റ്റാപെങ്കോയെ കീഴടക്കിയത്.
റോഡ് ലേവർ അരീനയിൽ ഒരു മണിക്കൂർ 19 മിനിട്ടാണ് മത്സരം നീണ്ടു നിന്നത്. സ്‌കോര്‍: 6-2, 6-4. ആദ്യമായാണ് എലീന റൈബാകിന ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. അമേരിക്കയുടെ ജെസീക്ക പെഗുലയെയോ ബെലാറഷ്യൻ താരം വിക്‌ടോറിയ അസരെങ്കയെയോ ആവും സെമിയില്‍ 23കാരിയായ റൈബാകിനയുടെ എതിരാളി.