മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചിരവൈരികളായ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിന്‍റെ തകർപ്പൻ ജയം. റയലിനായി സൂപ്പര്‍ താരം കരിം ബെന്‍സേമ, ഫെഡെറിക്കോ വെല്‍വെര്‍ദെ, റോഡ്രിഗോ എന്നിവര്‍ ഗോളുകൾ നേടിയപ്പോൾ ഫെറാന്‍ ടോറസ് ബാഴ്‌സയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി. വിജയത്തോടെ സീസണിൽ അപരാജിത കുതിപ്പുമായി റയൽ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റയലിന് തന്നെയായിരുന്നു സമ്പൂർണ ആധിപത്യം. 12-ാം മിനിട്ടിൽ തന്നെ ബെൻസേമയിലൂടെ റയൽ ആദ്യ ഗോൾ സ്വന്തമാക്കി. ടെർ സ്റ്റൈഗന്‍റെ റീബൗണ്ട് പിടിച്ചെടുത്ത ബെൻസേമ പന്ത് ഒരു പിഴവും കൂടാതെ അനായാസം വലയിലെത്തിക്കുകയായിരുന്നു. ആദ്യ ഗോൾ വീണതോടെ ബാഴ്‌സ സമനില ഗോളിനായി കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിനിടെ 35-ാം മിനിട്ടിൽ വെല്‍വെര്‍ദെ രണ്ടാം ഗോൾ നേടി ടീമിന്‍റെ ലീഡ് ഉയര്‍ത്തി. ഇതോടെ രണ്ട് ഗോൾ ലീഡുമായി റയൽ ആദ്യ പകുതി അവസാനിപ്പിച്ചു. ആദ്യ പകുതിക്ക് സമാനമെന്നോണം റയല്‍ രണ്ടാം പകുതിയിലും ഗോള്‍ ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരുന്നു. ഇതിനിടെ 52-ാം മിനിട്ടില്‍ ബെന്‍സേമ വീണ്ടും ബാഴ്‌സയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.
എന്നാൽ കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ ഫെറാന്‍ ടോറസിലൂടെ ഒരു ഗോള്‍ മടക്കി ബാഴ്‌സലോണ സമനില പ്രതീക്ഷ നിലനിര്‍ത്തി. എന്നാൽ ഇഞ്ച്വറി ടൈമിൽ റോഡ്രിഗോയെ ബോക്‌സിൽ വീഴ്ത്തിയത് ബാഴ്‌സയ്‌ക്ക് തിരിച്ചടിയായി. ഇതിലൂടെ വീണ് കിട്ടിയ പെനാൽറ്റി പിഴവ് കൂടാതെ വലയിലെത്തിച്ച് റോഡ്രിഗോ ടീമിന്‍റെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു.
ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയവും ഒരു സമനിലയുമുള്ള റയല്‍ 25 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തി. ഇത്രയും മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ബാഴ്‌സ 22 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 19 പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.