ഡക്കാർ (സെനഗൽ) : ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിൽ സെനഗലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ഈജിപ്‌ത് ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ പുറത്തായി. ഇതിന് പിന്നാലെ സെനഗൽ ആരാധകർക്കെതിരെ പരാതിയും ആയി ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ രംഗത്ത്. മത്സരത്തിനുമുൻപും ഇടയിലുമെല്ലാം ഈജിപ്ഷ്യൻ താരങ്ങൾക്കുനേരെ വംശീയാധിക്ഷേപം നടത്തിയതായി പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഈജിപ്‌തിൽ വച്ച് നടന്ന ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്‍റെ വിജയം നേടിയ ഈജിപ്‌ത് ഇന്നലെ നിശ്ചിത സമയത്തും അധികസമയത്തും ഒരു ഗോളിന് പിന്നിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഈജിപ്‌ത് ടീമിൽ സലാ അടക്കം മൂന്നുപേർ കിക്ക് തുലച്ചപ്പോൾ മൂന്നെണ്ണം വലയിലാക്കി സെനഗൽ യോഗ്യത നേടുകയായിരുന്നു. സെനഗലിന്‍റെയും ആദ്യ രണ്ട് കിക്കുകൾ ഗോളായിരുന്നില്ലെങ്കിലും അത് മുതലാക്കാൻ ഈജിപ്‌തിനായില്ല.
ALSO READ:FIFA World Cup 2022 | അൽ റിഹ്‍ല : ഖത്തർ ലോകകപ്പിനുള്ള ഫുട്ബോൾ പുറത്തിറക്കി അഡിഡാസ്
ഈജിപ്ഷ്യൻ ദേശീയ ടീം അംഗങ്ങൾക്കെതിരെ, പ്രത്യേകിച്ചും സലാക്കെതിരെ കടുത്ത വംശീയാധിക്ഷേപങ്ങളാണ് സെനഗൽ ആരാധകർ നടത്തിയതെന്ന് പ്രസ്‌താവന വ്യക്തമാക്കുന്നു. മത്സരത്തിന് വാം അപ്പ് ചെയുന്ന സമയത്ത് കല്ലുകളും കുപ്പികളും എറിഞ്ഞെന്നും ബസിനുനേരെ ആക്രമണം ഉണ്ടായെന്നും വ്യക്തമാക്കി. സലാഹ് അടക്കമുള്ള ഈജിപ്‌ത് താരങ്ങൾക്ക് നേരെയുണ്ടായ ലേസർ പ്രയോഗമാണ് അവർ പെനാൽട്ടി പാഴാക്കാനുള്ള കാരണങ്ങളിൽ ഒന്നായി വലിയ വിഭാഗം ആരാധകരും വിശ്വസിക്കുന്നത്.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ സെനഗലിനോട് തോറ്റതിന് പിന്നാലെയാണ് ലോകകപ്പ് പ്ലേ ഓഫിലും ഈജിപ്‌ത് അവരോട് തോറ്റുപുറത്താവുന്നത്. മത്സരം ഷൂട്ടൗട്ട് വരെ എത്തിച്ചതിന് ഈജിപ്‌ത് കടപ്പെട്ടിരിക്കുന്നത് നിരവധി സേവുകൾ നടത്തിയ ഗോൾകീപ്പർ മൊഹമ്മദ് എൽ ഷെനാവിയോടാണ്.