ഹൈദരാബാദ്:ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്‌ഫീല്‍ഡർമാരുടെ പട്ടിക തയ്യാറാക്കിയാല്‍ ഒരിക്കലും വിട്ടുകളനാകാത്ത ഒരു പേരുണ്ടും...ഏദൻ ഹസാർഡ്. 32-ാം വയസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു എന്ന ഏദൻ ഹസാർഡിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്ന് പുറത്തുവന്നു. " 16 വർഷം, 700ല്‍ അധികം മത്സരങ്ങൾ, ഒരു പ്രൊഫഷണല്‍ ഫുട്‌ബോൾ താരം എന്ന നിലയില്‍ എന്‍റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു."വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഹസാർഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തു.
ചെല്‍സിയുടെ എക്കാലത്തെയും സൂപ്പർ താരം: ഇംഗ്ലീഷ് ക്ലബ് ഫുട്‌ബോളിലെ വമ്പൻമാരായ ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ മധ്യനിരയില്‍ നിന്ന് പന്തുമായി ഓടിക്കയറുന്ന ഈദൻ ഹസാർഡിനെ അത്ര പെട്ടെന്നൊന്നും ഫുട്‌ബോൾ ആരാധകർ മറന്നിട്ടുണ്ടാകില്ല. ചെല്‍സിക്കൊപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ. അത് തന്നെ ധാരളമായിരുന്നു ഹസാർഡ് എന്ന താരത്തിന്‍റെ മൂല്യം അളക്കാൻ. ചെല്‍സിയുടേയും ബെല്‍ജിയത്തിന്‍റേയും എക്കാലത്തെയും മികച്ച പത്താം നമ്പർ താരമായിട്ടാണ് ഹസാർഡിനെ കണക്കാക്കുന്നത്.
2012ല്‍ ചെല്‍സിക്ക് വേണ്ടി കളി തുടങ്ങിയ ഹസാർഡ് 352 മത്സരങ്ങൾ കളിച്ചു. 110 ഗോളുകളും നേടി. ഫ്രഞ്ച് ക്ലബായ ലില്ലെയില്‍ ഫുടബോൾ തട്ടിത്തുടങ്ങിയ ഹസാർഡ് പ്രശസ്‌തിയുടേയും കളിമികവിന്‍റേയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചെല്‍സിയില്‍ നിന്ന് സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. അതും അന്നത്തെ റെക്കോഡ് തുകയായ 89 ദശലക്ഷം പൗണ്ടിന്.
2019ല്‍ റയലിലേക്ക് കളിമാറ്റുമ്പോൾ ഹസാർഡിനെ സംബന്ധിച്ചും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്ലബിനൊപ്പം ലോക ക്ലബ് കിരീടമടക്കം സ്വപ്‌നം കണ്ടാണ് ഹസാർഡ് സ്‌പെയിനിലെത്തിയത്. എന്നാല്‍ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെയായില്ല. പരിക്കിന്‍റെ പിടിയിലായ ഹസാർഡ് ഒരിക്കല്‍ പോലും റയലിന്‍റെ ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പിച്ചില്ല. ആദ്യ ഇലവനിലെത്തിയപ്പോഴെല്ലാം ഫോം മങ്ങി.
വിങ്ങുകളിലൂടെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറുന്ന ഹസാർഡിനെ എവിടെയോ നഷ്‌ടമായി. മനോഹരമായ ഡ്രിബ്ലിളിങിലൂടെ എതിരാളികളെ കീഴ്‌പ്പെടുത്തി മുന്നേറ്റക്കാരന്‍റെ കാലില്‍ പന്തെത്തിക്കുന്ന മായാജാലം ഹസാർഡിന് കൈമോശം വന്നു. റയലിനൊപ്പം ആകെ കളിക്കാനായത് 76 മത്സരങ്ങൾ മാത്രം. നേടിയത് ഏഴ് ഗോളുകളും.