പട്യാല : ടോക്കിയോ ഒളിമ്പിക്‌സ് ടിക്കറ്റിന് അവസാന ശ്രമവുമായി ഇന്ത്യയുടെ സ്റ്റാര്‍ സ്പ്രിന്‍റര്‍മാരായ ദ്യുതി ചന്ദും ഹിമ ദാസും. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന ദേശീയ അന്തർ-സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇരുവരും പങ്കെടുക്കും. ലോക അത്ലറ്റിക്‌സിന്‍റെ ഗ്രേഡ് ബിയില്‍ ഉള്‍പ്പെട്ട മത്സരമാണിത്.
നേരിട്ട് ഒളിമ്പിക്സിന് യോഗ്യത ലഭിക്കുന്നതിനും,വിലയേറിയ റേറ്റിങ് പോയിന്‍റുകള്‍ ലഭിക്കുന്നതിനും അവസാന അവസരമാണിത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തുന്ന മത്സരം ആദ്യം ബെംഗളൂരുവിലാണ് നിശ്ചയിച്ചിരുന്നെങ്കിലും പട്യാലയിലേക്ക് മാറ്റുകയായിരുന്നു.
also read: 'കോലിമാറണം, രോഹിത് വരണം'; സോഷ്യല്‍ മീഡിയയില്‍ കലിപ്പുമായി ആരാധകര്‍
യോഗ്യത ഉറപ്പിക്കാന്‍ ദ്യുതി
ഒളിമ്പിക്സിന് നേരിട്ട് യോഗ്യതയ്ക്ക് വേണ്ടിയിരുന്ന 11.5 സെക്കന്‍ഡ് എന്ന നേട്ടം ഒരു സെക്കന്‍ഡിന്‍റെ 200ല്‍ ഒരംശത്തിന്‍റെ വ്യത്യാസത്തിലാണ് തിങ്കളാഴ്ച നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് നാലില്‍ ദ്യുതിക്ക് നഷ്ടമായത്.
ഈ പ്രകടനത്തോടെ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡും താരം തിരുത്തിക്കുറിച്ചിരുന്നു. ഇതോടെ ചാമ്പ്യന്‍ഷില്‍ മികച്ച പ്രകടനം നടത്തി ടോക്കിയോയ്ക്ക് നേരിട്ട് യോഗ്യത നേടാനോ, അല്ലെങ്കില്‍ ലോക റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യത ഉറയ്പ്പിക്കാനോ ആവും താരം ശ്രമിക്കുക.
മികവ് കാട്ടാന്‍ ഹിമ
അതേസമയം ഏറെ കാലമായി പരിക്ക് വലയ്ക്കുന്ന ഹിമ ഗ്രാൻഡ് പ്രിക്സില്‍ 200 മീറ്ററില്‍ തന്‍റെ തന്നെ മികച്ച പ്രകടനമായ 20.88 ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ 20.80 സെക്കന്‍ഡാണ് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് വേണ്ടത്. ഇതോടെ സെക്കന്‍ഡുകള്‍ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഒളിമ്പിക്‌സ് ടിക്കറ്റ് കൈക്കലാക്കാനാവും ഹിമയുടേയും ശ്രമം.
also read:'സാഹചര്യങ്ങളിൽ മികച്ച ടീം വിജയിച്ചു'; കിവീസിന് അഭിനന്ദനവുമായി രവി ശാസ്‌ത്രി
അതേസമയം ടോക്കിയോ യോഗ്യതയ്ക്ക് ശ്രമിക്കുന്ന 4x100 മീറ്റര്‍ റിലേ ടീമില്‍ ദ്യുതി ചന്ദ്, അർച്ചന സുശീന്ദ്രന്‍, എസ് ധനലക്ഷ്മി എന്നിവരോടോപ്പം ഹിമയും ഉള്‍പ്പെട്ടിട്ടുണ്ട്. 43.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞിരുന്നെങ്കിലും ടോക്കിയോയ്ക്ക് യോഗ്യത നേടാന്‍ സംഘത്തിനായില്ല.