ന്യൂഡല്‍ഹി:ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടപടിക്ക് എതിരെ അപ്പീല്‍ നല്‍കാന്‍ സ്പ്രിന്‍റര്‍ ദ്യുതി ചന്ദ് (Dutee Chand) . കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെ നാല് വര്‍ഷത്തെ വിലക്കാണ് 100 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയായ ദ്യുതി ചന്ദിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വിധിച്ചിരിക്കുന്നത്. ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 27-കാരിയായ ദ്യുതിക്ക് നാഡ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ച്, 26 തീയതികളിലായിരുന്നു ദ്യുതി ചന്ദിന്‍റെ സാംപിളുകള്‍ നാഡ പരിശോധനക്കായി എടുത്തത്. രണ്ട് സാമ്പിളുകളിലും ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ആദ്യ സാമ്പിൾ ശേഖരണം നടന്ന തീയതി (ഡിസംബർ 5, 2022) മുതല്‍ക്കുള്ള താരത്തിന്‍റെ എല്ലാ മത്സര ഫലങ്ങളും റദ്ദാക്കപ്പെടും.
'ക്ലീൻ അത്‌ലറ്റ്' എന്ന് അഭിഭാഷകന്‍: ദ്യുതി ചന്ദ് തന്‍റെ പ്രൊഫഷണൽ കരിയറില്‍ "ക്ലീൻ അത്‌ലറ്റ്" ആണെന്നും ഉത്തേജക മരുന്ന് 'മനപ്പൂർവമായി' ഉപയോഗിച്ചിട്ടില്ലെന്നുമാണ് താരത്തിന്‍റെ അഭിഭാഷകനായ പാർത്ഥ് ഗോസ്വാമി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരിക്കുന്നത്. "നിരോധിത പദാർഥത്തിന്‍റെ മനപൂർവമല്ലാത്ത ഉപഭോഗമാണ് ഇവിടെ ഉണ്ടായത്.
ആ പദാർത്ഥം ഏങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മനപൂര്‍വമുള്ള പ്രവര്‍ത്തിയായിരുന്നില്ല എന്നതിന്‍റെ വലിയ തെളിവാണത്. ദ്യുതി ഇതേവരെ ഒരു ഉത്തേജക മരുന്നും തന്‍റെ കായിക നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല. ദ്യുതി ഇന്ത്യയുടെ അഭിമാനമാണ്, ഒരു ക്ലീന്‍ അത്‌ലറ്റാണവള്‍. ഒരു ദശാബ്ദത്തിലേറെ നീണ്ട ശോഭനമായ കരിയറാണ് അവള്‍ക്കുള്ളത്.