റിയോ ഡി ജനീറോ :ബ്രസീല്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലകനായി (Brazil Head Coach) ഡോറിവല്‍ ജൂനിയര്‍ (Dorival Junior) എത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (Brazilian Football Confederation - CBF). ബ്രസീലിയന്‍ ക്ലബ് സാവോ പോളയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് 61കാരനായ ഡോറിവല്‍ ജൂനിയര്‍ കാനറിപ്പടയുടെ ചുമതല താത്കാലിക പരിശീലകന്‍ ഡിനിസില്‍ നിന്നും ഏറ്റെടുക്കുന്നത്. 2026 ലോകകപ്പ് വരെ ഡോറിവല്‍ ബ്രസീല്‍ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാവോ പോളയിലേക്ക് എത്തുന്നതിന് മുന്‍പ് ബ്രസീലിയന്‍ ക്ലബ് ഫ്ലെമെംഗോയുടെ പരിശീലകനായിരുന്നു ഡോറിവല്‍. 2022ല്‍ കോപ്പ ലിബർട്ടഡോസും ബ്രസീലിയൻ കപ്പും ഫ്ലെമെംഗോ നേടിയപ്പോള്‍ ഡോറിവല്‍ ജൂനിയറായിരുന്നു ടീമിന്‍റെ പരിശീലകന്‍. അത്‌ലറ്റിക്കോ മിനെയ്‌റോ, അത്‌ലറ്റിക്കോ പരാനെൻസ്, വാസ്‌കോ ഡ ഗാമ, ഇന്‍റര്‍നാസിയോണല്‍ എന്നീ ടീമുകളെയും ഡോറിവല്‍ പരിശീലിപ്പിച്ചിട്ടുണ്ട്.
'ഡോറിവല്‍ ജൂനിയറാണ് ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ പുതിയ പരിശീലകന്‍. ഇന്ന് (ജനുവരി 11) ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് വച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലൂടെ ആയിരിക്കും അദ്ദേഹത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക' എന്നാണ് ഡോറിവല്‍ ജൂനിയറിന്‍റെ വരവ് സ്ഥിരീകരിച്ചുകൊണ്ട് സിബിഎഫ് ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്‌താവന.
ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങളില്‍ ഉള്‍പ്പടെ ബ്രസീല്‍ തിരിച്ചടികള്‍ നേരിടുന്നതിനിടെയാണ് പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയറിന്‍റെ വരവ്. നിലവില്‍, ലോകകപ്പ് യോഗ്യത റൗണ്ടില്‍ സൗത്ത് അമേരിക്കന്‍ മേഖലിയില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്.