കാൻബെറ:2023 ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ കളിക്കാന്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിന് അവസരം. താരത്തിന് വിസ നല്‍കാന്‍ തീരുമാനിച്ചതായി ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി അറിയിച്ചു. കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ വര്‍ഷം ആദ്യം രാജ്യത്ത് നിന്നും ജോക്കോവിച്ചിനെ നാട് കടത്തിയത്.
'ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ ജോക്കോ', വിസ റദ്ദാക്കിയ നടപടി പിന്‍വലിച്ചു - ഓസ്‌ട്രേലിയന്‍ ഓപ്പണ്‍
ഓസീസ് ഭരണകൂടം വിസ റദ്ദാക്കിയ നടപടി പിന്‍വലിച്ചതോടെ ജോക്കോവിച്ചിന് അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ കളിക്കാന്‍ സാധിക്കും.
സാധാരണഗിതിയില്‍ വിസ നിരോധന കാലാവധി മൂന്ന് വര്‍ഷത്തോളമാണ് നീണ്ടുനില്‍ക്കുന്നത്. വിസ റദ്ദാക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാലാണ് തീരുമാനം പിൻവലിക്കാനുള്ള ജോക്കോവിച്ചിന്‍റെ അപേക്ഷ അംഗീകരിച്ചതെന്ന് ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസ് പറഞ്ഞു. താരത്തിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കുന്നതിനായി താന്‍ വ്യക്തിപരമായ ഇടപെടലുകള്‍ നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക എട്ടാം നമ്പറായ ജോക്കോ നിലവില്‍ എടിപി ഫൈനല്‍സ് കളിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അധികൃതരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.