മെൽബണ്‍:മെൽബൺ പാർക്കിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്‍റിന്‍റെ പുരുഷ വിഭാഗത്തിൽ നൊവാക് ജോക്കോവിച്ച് ഒന്നാം സീഡിൽ. വിസ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും താരത്തിനെ ഒന്നാം സീഡിൽ ഉൾപ്പെടുത്തുകയായിരുന്നു. വനിതകളുടെ സിംഗിൾസിൽ നിലവിലെ ഒന്നാം റാങ്കുകാരിയായ ആഷ് ബാർട്ടി ഒന്നാം സീഡിൽ. നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക പതിമൂന്നാം സീഡിലാണ്.
ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കുന്നതിനുള്ള നിയമപോരാട്ടത്തിൽ ജോക്കോവിച്ച് വിജയിച്ചിരുന്നു. നിലവിൽ 20 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളുമായി റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് ജോക്കോ. അതേസമയം വലത് കാൽമുട്ടിലെ ശസ്ത്രക്രിയയ കാരണം ഫെഡറർ ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നില്ല.
ALSO READ:ജോക്കോവിച്ചിന്‍റെ വിസ പുനഃസ്ഥാപിച്ചു ; 'തടവില്‍' നിന്നും മോചിപ്പിക്കാന്‍ ഉത്തരവ്
കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച ഡാനിൽ മെദ്‌വദേവാണ് പുരുഷ സിംഗിൾസിൽ രണ്ടാം സീഡിൽ. അലക്‌സാണ്ടർ സ്വെരേവ് 3-ാം സ്ഥാനത്തും, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് 4-ാം സ്ഥാനത്തും ആന്ദ്രേ റുബ്ലെവ് അഞ്ചാം സ്ഥാനത്തുമാണ് മത്സരിക്കുക. നദാൽ ഇത്തവണ ആറാം സീഡിലാണ് മത്സരിക്കുക.
1978ൽ ക്രിസ് ഒനീലിന് ശേഷം സ്വന്തം മണ്ണിൽ ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ആഷ് ബാർട്ടി ഇത്തവണ കളത്തിലേക്ക് ഇറങ്ങുന്നത്. 25 കാരിയായ ബാർട്ടിക്ക് 2019 ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വർഷത്തെ വിംബിൾഡണും രണ്ട് ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളുണ്ട്. മെൽബൺ പാർക്കിൽ 2020-ൽ സെമിഫൈനലിൽ സോഫിയ കെനിനോട് ബാർട്ടി തോൽവി വഴങ്ങിയിരുന്നു.