ലണ്ടന്‍: കൊവിഡ് വാക്‌സിനെടുത്തില്ലെങ്കിലും ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിംബിൾഡണിനിറങ്ങാമെന്ന് സംഘാടകര്‍. ബ്രിട്ടനിൽ പ്രവേശിക്കാൻ വാക്‌സിനേഷന്‍ നിര്‍ബന്ധമല്ലാത്ത സാഹചര്യത്തില്‍ മത്സരത്തിനിറങ്ങാന്‍ ജോക്കോവിച്ചിനെ അനുവദിക്കുമെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ് ചീഫ് എക്സിക്യൂട്ടീവ് സാലി ബോൾട്ടൺ പറഞ്ഞു. ''തീർച്ചയായും, എല്ലാ കളിക്കാരും വാക്‌സിനേഷൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ, ഈ വർഷം ഗ്രാസ്-കോർട്ട് ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ മത്സരിക്കാൻ വാക്‌സിനേഷന്‍ ഒരു വ്യവസ്ഥയായിരിക്കില്ല.'' ബോൾട്ടൺ പറഞ്ഞു.
ജൂൺ 27ന് ആരംഭിക്കുന്ന വിംബിൾഡണിന് മുന്നോടിയായുള്ള വാർഷിക സ്പ്രിംഗ് ബ്രീഫിങ്ങിലാണ് ബോൾട്ടൺ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിലവിലെ ചാമ്പ്യന്‍ കൂടിയായ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരത്തിന് കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്താം. കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന് രാജ്യത്തു നിന്ന് നാടുകടത്തിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്താൻ ജോക്കോയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
തുര്‍ന്ന് ഇന്ത്യൻ വെൽസ്, കാലിഫോർണിയ, മിയാമി എന്നിവിടങ്ങളിലെ ടൂർണമെന്‍റുകളും താരത്തിന് ഒഴിവാക്കേണ്ടിവന്നു. യുഎസിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാലാണ് ജോക്കോയ്‌ക്ക് ഈ ടൂര്‍ണമെന്‍റുകള്‍ നഷ്‌ടമായത്. അതേസമയം വാക്‌സിന്‍ എടുത്തില്ലെങ്കിലും ജോക്കോവിച്ചിന് റോമിൽ വന്ന് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് ഇറ്റാലിയൻ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു. മെയ് 8 മുതല്‍ 15 വരെ നടക്കാനിരിക്കുന്ന ടൂർണമെന്‍റിന്‍റെ അവതരണത്തിലാണ് ഫെഡറേഷൻ പ്രസിഡന്‍റ് ആഞ്ചലോ ബിനാഗി ഇക്കാര്യം പറഞ്ഞത്.
also read: 'സ്വപ്‌ന ഓപ്പണിങ് പാര്‍ട്‌നര്‍ രോഹിത് ശര്‍മ'; വെളിപ്പെടുത്തലുമായി ജോസ് ബട്‌ലര്‍
എന്നാല്‍ മെയ് അവസാനം നടക്കുന്ന യുഎസ് ഓപ്പണിനിറങ്ങാന്‍ ജോക്കോയ്‌ക്കാവുമോയന്നത് സംശയത്തിന്‍റെ നിഴലിലാണ്. വാക്‌സിനേഷന്‍ സംബന്ധിച്ച് നിലവിലുള്ള സർക്കാർ നിയമങ്ങൾ പാലിക്കുമെന്നാണ് യുഎസ് ടെന്നീസ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവസാനമായി കഴിഞ്ഞ ഡിസംബറിലാണ് വൈറസ് ബാധയുണ്ടായതെന്നുമാണ് ജോക്കോ പറഞ്ഞിരുന്നത്.