ഹൈദരാബാദ്: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചതില്‍ നിരാശയുണ്ടെന്ന് ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭേക്കർ. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. കൊവിഡ് 19 കാരണം രാജ്യത്തെ പ്രതിനിധീകരിച്ച് ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ഒരേസമയം ഷൂട്ടിങ്ങിലും പഠനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണെന്നും ഭേക്കർ പറഞ്ഞു. യോഗയും ശീലിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും ഏറെ പ്രയത്നം ഷൂട്ടിങ്ങില്‍ ആവശ്യമാണ്. അതിനാല്‍ തന്നെ ഷൂട്ടിങ് താരങ്ങൾ ഫിറ്റ്നസ് നിലനിർത്തുന്നത് ഏറെ പ്രധാനമാണ്. ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ പരിശീലനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. പഠനത്തിലും ഷൂട്ടിങ്ങിലും മാതാപിതാക്കളുടെ പൂർണ പിന്തുണ ലഭിക്കുന്നു. കൂടാതെ കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ചവരെല്ലാം പ്രചോദനമാവുകയും ചെയ്യുന്നുവെന്ന് മനു ഭേക്കര്‍ പറഞ്ഞു.
ഒളിമ്പിക്‌സ് മാറ്റിവച്ചതില്‍ നിരാശയുണ്ടെന്ന് മനു ഭേക്കര്‍
ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഹരിയാന സ്വദേശിയായ ഷൂട്ടിങ് താരം മനു ഭേക്കർ. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ
ഹരിയാന സ്വദേശിയാണ് മനു ഭേക്കർ. സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടികൾ കായിക രംഗത്തേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കപെടുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്നും ഇതിനകം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ താരമാണ് മനു ഭേക്കർ. ദേശീയ തലത്തില്‍ ഏഴോളം സ്വർണമെഡലുകളും സ്വന്തമാക്കി. നേരത്തെ യൂത്ത് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റളില്‍ മനു ഭേക്കർ സ്വർണം നേടിയിരുന്നു. യൂത്ത് ഒളിമ്പിക്‌സില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ പെണ്‍കുട്ടിയെന്ന നേട്ടവും മനു ഭേക്കര്‍ സ്വന്തമാക്കി.