ന്യൂഡല്‍ഹി:ഒളിമ്പിക്‌സ് യോഗ്യതക്കായുള്ള മത്സരത്തില്‍ മേരി കോം നിരാശപ്പെടുത്തിയതായി നിഖാത് സറീന്‍. വനിതാ ബോക്‌സിങ്ങിലെ 51 കിലോ വിഭാഗത്തില്‍ നടന്ന ഒളിമ്പിക് യോഗ്യതാ ട്രയല്‍സില്‍ മേരിയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 9-1 നാണ് മേരി കോം നിഖാത് സറീനെ പരാജയപ്പെടുത്തിയത്.
മേരി കോം നിരാശപ്പെടുത്തിയെന്ന് നിഖാത് സറീന്‍ - മേരി വാർത്ത
ഒളിമ്പിക് യോഗ്യതാ ട്രയല്‍സിനിടെ മേരി കോം മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായി നിഖാത് സറീന്‍
മാച്ച് റഫറി ഫലപ്രഖ്യാപനം നടത്തിയ ശേഷം എതിരാളിക്ക് കൈ കൊടുക്കാനോ ആലിംഗനം ചെയ്യാനോ തയ്യാറാകാതെ മേരി കോം റിങ് വിട്ടിരുന്നു. താരത്തിന്‍റെ നടപടി തന്നെ വേദനിപ്പിച്ചതായി സറീന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തിനിടെ മേരി കോം മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായും അവർ ആരോപിച്ചു. പരാജയം സമ്മതിക്കുന്നുവെങ്കിലും 9-1 എന്ന സ്‌കോർ അംഗീകരിക്കാനാകില്ല. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ഇന്ത്യാ ഓപ്പണിലേതിനേക്കാൾ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്‌ചവച്ചത്. അതിനാല്‍ തന്നെ ഏകപക്ഷീയമായ സ്‌കോർ അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. ഫലപ്രഖ്യാപനം വന്നതോടെ അട്ടിമറി നടന്നതായി ആരോപിച്ച് തെലങ്കാന ബോക്‌സിങ്ങ് അസോസിയേഷന്‍ പ്രതിനിധി എ.പി റെഡ്ഡി ബഹളം വച്ചത് നാടകീയ രംഗങ്ങളുണ്ടാക്കി. ഒടുവില്‍ ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് അജയ് സിംഗ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അടുത്ത ഫെബ്രുവരിയില്‍ ചൈനയിലാണ് ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾ നടക്കുക.