അസ്‌താന : ലോക ചെസ് ചാമ്പ്യൻഷിപ്പിന് പുതിയ അവകാശി. ടൈബ്രേക്കറിൽ റഷ്യയുടെ നെപോംനിഷിയെ കീഴടക്കിയാണ് ചൈനയുടെ ഡിങ് ലിറൻ കിരീടം നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ചൈനീസ് പുരുഷ താരമാണ് ഡിങ് ലിറൻ.
മത്സരത്തിന്‍റെ 14 റൗണ്ടുകൾ പിന്നിട്ടപ്പോഴും ഇരുവരും സമനില പാലിച്ചതോടെയാണ് വിജയിയെ നിർണയിക്കാൻ ടൈബ്രേക്കർ വേണ്ടിവന്നത്. ആവേശകരമായ ടൈബ്രേക്കറിൽ ആദ്യ മൂന്ന് ഗെയിമും സമനിലയിൽ പിരിഞ്ഞപ്പോൾ നാലാം ഗെയിമിൽ ഡിങ് ലിറൻ ജയിച്ചുകയറിയതോടെയാണ് ലോകചാമ്പ്യനായത്.
ലോക റാങ്കിൽ ഒന്നാമനായ റഷ്യയുടെ മാഗ്നസ് കാൾസൺ പിൻമാറിയതോടെയാണ് ഡിങ് ലിറന് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. കാന്‍ഡിഡേറ്റ്സ് ചെസിൽ ജേതാവായാണ് നെപോംനിഷി ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഡിങ് ലിറന് കാന്‍ഡിഡേറ്റ്സ് ചെസിൽ റണ്ണേഴ്‌സ് അപ്പായിരുന്നു.
ഏപ്രിൽ ഒമ്പതിന് കസാക്കിസ്ഥാൻ തലസ്ഥാനമായ അസ്‌താനയിലാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. ടൂർണമെന്‍റിലെ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം മത്സരത്തിൽ നെപോംനിഷി ജയം നേടി. മൂന്നാം മത്സരത്തിൽ സമനില നേടിയ ലിറൻ നാലാം മത്സരത്തിലെ ജയത്തോടെ നെപോംനിഷിയുടെ ഒപ്പമെത്തി. തുടർന്നുള്ള മത്സരങ്ങളിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചതോടെ 14 റൗണ്ട് മത്സരം പൂർത്തിയായപ്പോൾ സ്‌കോർ 7-7 സമനിലയായി. ഇതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്.
നേരത്തെ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാൾസൺ ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ കൂടി പങ്കെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞാണ് പിൻമാറിയത്. 2022 ൽ നെപോംനിഷിയെ 7.5-3.5ന് അനായാസം തോല്‍പ്പിച്ചാണ് കാള്‍സണ്‍ ചാമ്പ്യനായത്. തനിക്കൊത്ത എതിരാളികൾ ഇല്ലെന്നായിരുന്നു കാൾസന്‍റെ വാക്കുകൾ. ഇറാന്‍-ഫ്രഞ്ച് താരം അലിറേസ ഫിറോജ ലോകചാമ്പ്യന്‍ഷിപ്പില്‍ എതിരാളിയായി വന്നാല്‍ പങ്കെടുക്കുമെന്നും കാള്‍സണ്‍ പറഞ്ഞിരുന്നു.
ALSO READ :1965 ന് ശേഷം ആദ്യ സ്വർണം ; ഏഷ്യൻ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് സാത്വിക്-ചിരാഗ് ഷെട്ടി സഖ്യം
എന്നാൽ നെപോംനിഷി തുടർച്ചയായി രണ്ടാം തവണയും യോഗ്യത നേടിയതോടെ കാൾസൺ പോരാട്ടത്തിൽ നിന്നും പിൻമാറി. എന്നാൽ ചെസിൽ നിന്ന് വിരമിക്കില്ലെന്നും വ്യക്‌തമാക്കിയിരുന്നു. ഇതോടെ അനിശ്ചിതത്തിലായ ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നെപോംനിഷിക്ക് എതിരാളിയായി ഡിങ് ലിറനെ ലോക ചെസ് ഭരണസമിതി തെരഞ്ഞെടുക്കുകയായിരുന്നു.