ബ്യൂണസ് ഐറിസ് : ലേലത്തിനുവച്ചത് ‘ദൈവത്തിന്‍റെ കൈ’ എന്നറിയപ്പെടുന്ന ഗോള്‍ നേടുന്ന സമയം ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്‌സിയല്ലെന്ന് കുടുംബം. 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മെക്‌സിക്കോ സിറ്റിയില്‍ നടന്ന മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഇതിഹാസതാരം ധരിച്ചിരുന്ന ജഴ്‌സി യഥാർഥത്തില്‍ മറ്റാരുടെയോ കൈവശമാണെന്നാണ് മറഡോണയുടെ മകള്‍ ഡാൽമ പറയുന്നത്.
മത്സരത്തിന് ശേഷം അർജന്‍റീനിയൻ താരം ഇംഗ്ലണ്ടിന്‍റെ സ്റ്റീവ് ഹോഡ്‌ജുമായി ജഴ്‌സി കൈമാറ്റം ചെയ്തിരുന്നു. എന്നാല്‍ ഹോഡ്‌ജിന്‍റെ കയ്യിലുള്ളത് ആ ജഴ്‌സിയല്ലെന്നാണ് മറഡോണയുടെ മകൾ ഡാൽമ പറയുന്നത്.
"അത് രണ്ടാം പകുതിയിൽ എന്‍റെ പിതാവ് ധരിച്ച ജഴ്‌സിയല്ല. ഹോഡ്‌ജിന്‍റെ കയ്യിലുള്ളത് അതല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതാരുടെ കയ്യിലാണെന്നും എനിക്കറിയാം. എന്നാല്‍ പറയാന്‍ താൽപ്പര്യമില്ല " - ഡാൽമ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പ്രതികരിച്ചു.