മാഡ്രിഡ്: കഴിഞ്ഞ വര്‍ഷം ജൂണിലാണ് പോപ് ഗായിക ഷാക്കിറയും സ്‌പാനിഷ് ഫുട്‌ബോളർ ജെറാർഡ് പീക്വെയും വേര്‍പിരിഞ്ഞത്. വേര്‍പിരിയുന്ന കാര്യം 45കാരിയായ ഷാക്കിറയും 35കാരനായ പീക്വെയും സംയുക്ത പ്രസ്‌താവനയിലൂടെയാണ് ആരാധകരെ അറിയിച്ചിരുന്നത്. പീക്വെയ്‌ക്ക് മറ്റ് സ്‌ത്രീകളുമായുള്ള ബന്ധമാണ് ഇരുവരുടെയും വേര്‍പിരിയലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
ഇതിന് പിന്നാലെ പുതിയ ഗേള്‍ ഫ്രണ്ട് ക്ലാര ചിയ മാര്‍ട്ടിയോടൊപ്പം പീക്വെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ തന്‍റെ പുതിയ പാട്ടിലൂടെ ഷാക്കിറ പീക്വെയെ ലക്ഷ്യം വയ്‌ക്കുന്നതായാണ് ആരാധക സംസാരം. ബിസാറാപ്പുമായി സഹകരിച്ച് സ്‌പാനിഷ് ഭാഷയിലാണ് ഷാക്കിറ തന്‍റെ പുതിയ ആല്‍ബം ഒരുക്കിയിരിക്കുന്നത്.
"ഒരു ട്വിംഗോയ്ക്കായി നീ ഒരു ഫെരാരി വിറ്റു. ഒരു കാസിയോയ്ക്ക് വേണ്ടി ഒരു റോളക്‌സ് വിറ്റു" എന്നാണ് പാട്ട് തുടങ്ങുന്നത് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പാട്ടിന്‍റെ വരികള്‍ എഴുതിയതും ഷാക്കിറയാണ്.