ചെന്നൈ :സിനിമാരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ഭാര്യ സാക്ഷി ധോണിയും. തമിഴിലാണ് ധോണിയുടെ നിര്‍മാണ കമ്പനി ആദ്യമുഴുനീള ചിത്രം നിര്‍മിക്കുന്നത്. സാക്ഷി സിംഗ് ധോണി എഴുതിയ ഫാമിലി എന്‍റര്‍ടെയ്‌നര്‍ കഥയില്‍, നവയുഗ ഗ്രാഫിക് നോവലായ 'അഥർവ - ദി ഒറിജിൻ' രചിച്ച രമേശ് തമില്‍മണി ചിത്രം സംവിധാനം ചെയ്യും.
'സാക്ഷിയുടെ കൺസെപ്റ്റ് വായിച്ച നിമിഷം തന്നെ അറിയാമായിരുന്നു പ്രത്യേകതയുള്ളതാണെന്ന്. ആശയം പുതുമയുള്ളതും ഒരു ഫൺ ഫാമിലി എന്‍റര്‍ടെയ്‌നർ ആകാനുള്ള എല്ലാ സാധ്യതകളും ഒത്തുചേര്‍ന്നതുമാണ്' - സംവിധായകന്‍ തമില്‍മണി അഭിപ്രായപ്പെട്ടു. അതേസമയം അഭിനേതാക്കളേയും, അണിയറ പ്രവര്‍ത്തകരേയും കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തമിഴിന് പുറമെ മറ്റ് ഭാഷകളിലെ തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍ എന്നിവരുമായി ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സയന്‍സ് ഫിക്ഷന്‍, ക്രൈം ഡ്രാമ, കോമഡി, സസ്‌പെൻസ് ത്രില്ലർ എന്നീ തരം സിനിമകള്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ താരത്തിന്‍റെ പേരിലുള്ള പ്രൊഡക്ഷന്‍ ഹൗസ് പദ്ധതിയിടുന്നത്. നേരത്തേ ഒരു ഡോക്യുമെന്‍ററി സീരീസും, വെബ് സീരീസും ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മിച്ചിരുന്നു.
2013 ലെ വാതുവയ്പ്പ് അഴിമതിയിൽ ഉൾപ്പെട്ടെന്ന് ആരോപിക്കപ്പെട്ട് രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിന്‍റെ 2018 പതിപ്പിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അടിസ്ഥാനമാക്കിയുള്ള റോര്‍ ഓഫ് ദി ലയണ്‍ (Roar of the Lion), ഇന്ത്യയുടെ 2011 ഏകദിന ലോകകപ്പ് ജയം വിവരിക്കുന്ന ബ്ലേസ് ടു ഗ്ലോറി (Blaze To Glory) എന്നീ രണ്ട് ഡോക്യുമെന്‍ററി സീരീസുകളും ആകാശ് ഗുപ്‌തയുടെ ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ദി ഹിഡന്‍ ഹിന്ദു (The Hidden Hindu) എന്ന വെബ് സീരീസുമാണ് മുന്‍പ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ് നിര്‍മിച്ചത്.