ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗുസ്തിതാരവുമായ സുശീല്‍ കുമാറിനെതിരെ ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണ കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസിന്‍റെ നടപടി. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സുശീലിന് ആരോപണങ്ങളുയര്‍ന്നതോടെ താരം ഒളിവില്‍പ്പോവുകയായിരുന്നു. സുശീലിനെതിരെ ഒന്നിലധികം സാക്ഷി മൊഴികളുണ്ടെന്ന് അഡീഷണല്‍ ഡി.സി.പി ഗുരിഖ്ബാല്‍ സിങ് സിദ്ധു പറഞ്ഞു.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും, സുശീലിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം അറിയിച്ചു. സംഭവ സ്ഥലത്ത് സുശീലുണ്ടായിരുന്നതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീല്‍ കുമാറും സംഘവും സാഗറിനെ മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.