ന്യൂഡൽഹി : വനിത ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം അനുവദിച്ച് ഡൽഹി കോടതി. സസ്‌പെൻഡ് ചെയ്‌ത റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിന്‍റെ ജാമ്യാപേക്ഷയും കോടതി അംഗീകരിച്ചു.
ചില വ്യവസ്ഥകളോടെയും 25,000 രൂപ ബോണ്ടിലുമാണ് അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്‌പാൽ ജാമ്യം അനുവദിച്ചത്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും മെട്രോപൊളിറ്റൻ കോടതി പ്രതികളോട് നിർദേശിച്ചു.
നേരത്തെ ഗുസ്‌തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ജൂണ്‍ 15ന് ഇന്ത്യൻ ശിക്ഷ നിയമത്തിന്‍റെ 354 (സ്‌ത്രീയെ അക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ബ്രിജ് ഭൂഷണ്‍ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
തുടർന്ന് പ്രതികളുടെയും പ്രോസിക്യൂഷന്‍റെയും പരാതിക്കാരുടെയും അഭിഭാഷകരുടെയും വാദം കേട്ട ജഡ്‌ജി ബ്രിജ് ഭൂഷണ് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സ്ഥിര ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു. വാദത്തിനിടെ ഡൽഹി പൊലീസിനെ പ്രതിനിധീകരിച്ച പബ്ലിക് പ്രോസിക്യൂട്ടർ പ്രതികളെ നിയമ പ്രകാരം വിചാരണ ചെയ്യണമെന്നും ഇളവ് അനുവദിച്ചാൽ ചില വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജാമ്യാപേക്ഷയെ എതിർക്കുന്നുണ്ടോയെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചപ്പോൾ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും അപേക്ഷ നിയമപ്രകാരം പരിഗണിക്കണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അപേക്ഷയെ എതിർത്തിരുന്നു.
പ്രതിക്ക് സമൂഹത്തിൽ വളരെയധികം സ്വാധീനമുണ്ടെന്നും ജാമ്യം അനുവദിക്കാൻ പാടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും പരാതിക്കാരുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് കോടതി വിധിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കാൻ തയ്യാറാണെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
കേസിന്‍റെ നാൾ വഴികൾ :ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗുസ്‌തി താരങ്ങള്‍ ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. നീണ്ട നാളത്തെ സമരത്തിനും പ്രതിഷേധത്തിനും ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുർന്നാണ് ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്.
2016, 2022 വര്‍ഷങ്ങളില്‍ മംഗോളിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെയും 2018 ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെയും കസാക്കിസ്ഥാനിലെ മത്സരത്തിനിടെയും തങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു താരങ്ങളുടെ പരാതി. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിനായി മൂന്ന് രാജ്യങ്ങളുടെയും സഹായം തേടിയിരുന്നു.
കൂടാതെ ബ്രിജ് ഭൂഷണിനെതിരെ പരാതിയുമായെത്തിയ മുഴുവന്‍ താരങ്ങള്‍ക്കുമൊപ്പം പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പരിശീലകര്‍, റഫറിമാര്‍ എന്നിവര്‍ ഉള്‍പ്പടെ 230 ലധികം പേരുടെ മൊഴിയും പൊലീസ് ശേഖരിച്ചു. തുടർന്നാണ് കേസിന്‍റെ അന്വേഷണം പൂർത്തിയാക്കി ഡൽഹി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.