യൂറോപ്യൻ ഫുട്‌ബോളിലെ ട്രാൻസ്‌ഫർ ജാലകത്തിന്‍റെ അവസാന ദിനത്തിൽ നിരവധി താരങ്ങളുടെ കൈമാറ്റത്തിനാണ് ആരാധകർ സാക്ഷിയായത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ, പിഎസ്‌ജി അടക്കമുള്ള വമ്പൻ ക്ലബുകൾ നിരവധി താരങ്ങളെയാണ് ഇത്തവണ ടീമിലെത്തിച്ചത്. അതോടൊപ്പം തന്നെ ചില താരങ്ങളുടെ കരാറുകൾ പൂർത്തിയാകാതെ പാതിവഴിയിൽ മുടങ്ങിയിട്ടുമുണ്ട്.
മധ്യനിരയിലെ മികച്ച താരത്തിന്‍റെ അഭാവമാണ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടിയിരുന്നത്. ഇതിന് പരിഹാരമായിട്ടാണ് മൊറോക്കൻ ഡിഫന്‍സീവ് മിഡ്‍ഫീല്‍ഡര്‍ സൊഫ്‍യാന്‍ അമ്രബാതിനെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയുടെ അവസാന ദിനം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester united) ടീമിലെത്തിച്ചത് (Sofyan Amrabat to Manchester United). ഇറ്റാലിയന്‍ ക്ലബായ ഫിയൊറന്‍റീനയിൽ നിന്നാണ് അമ്രബാത് യുണൈറ്റഡിലെത്തുന്നത്. 10 മില്യൺ യൂറോയുടെ (90 കോടി രൂപ) ലോൺ കരാറിലാണ് താരം പ്രീമിയർ ലീഗ് വമ്പൻമാർക്കൊപ്പം ചേരുന്നത്. സീസൺ അവസാനത്തിൽ 25 മില്യൺ യൂറോയ്‌ക്ക് താരത്തെ സ്വന്തമാക്കാനുള്ള അവസരവും കരാറിലുൾപ്പെടുന്നുണ്ട്.
ഫിയൊറന്‍റീന സ്ഥിരമായ ഒരു കരാറിനാണ് മുൻഗണന നൽകിയതെങ്കിലും ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്‌നമാകുന്നതുകൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ ലോണിൽ സ്വന്തമാക്കാൻ തീരുമാനിച്ചത്. ട്രാൻസ്‌ഫർ വിൻഡോയുടെ തുടക്കം മുതൽ 26-കാരനായ അമ്രബാതിനായി യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു.
ഖത്തർ ലോകകപ്പിൽ മൊറോക്കൻ മധ്യനിരയിൽ നടത്തിയ മികച്ച പ്രകടനമാണ് അമ്രബാത്തിനെ പ്രമുഖ ടീമുകൾ നോട്ടമിടാൻ കാരണമായത്. ലിവർപൂൾ അടക്കമുള്ള ടീമുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും താരം യുണൈറ്റഡിൽ ചേരാൻ തീരമാനിക്കുകയായിരുന്നു. മൊറോക്കയ്‌ക്കായി 49 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിന്‍റെ അണ്ടര്‍ 15 ടീമിലൂടെയാണ് അമ്രബാത്ത് രാജ്യാന്തര കരിയര്‍ തുടങ്ങുന്നത്.
അമ്രബാത്തിനെ കൂടാതെ തുര്‍ക്കിഷ് ക്ലബ് ഫെനര്‍ബാഷെ ഗോള്‍ കീപ്പര്‍ ആര്‍തെയ് ബയിൻഡിർ, ടോട്ടൻഹാമിൽ നിന്ന് സ്‌പാനിഷ് ലെഫ്റ്റ് ബാക്ക് സെര്‍ജിയോ റെഗിലോൺ എന്നിവരെയും യുണൈറ്റഡ് സ്വന്തമാക്കി. ഡീൻ ഹെൻഡേഴ്‌സണ്‍ ക്രിസ്റ്റല്‍ പാലസുമായി കരാറിലെത്തിയ സാഹചര്യത്തിലാണ് രണ്ടാം നമ്പർ ഗോള്‍ കീപ്പറായി ആര്‍തെയ് ബയിൻഡിറിനെ യുണൈറ്റഡ് സൈൻ ചെയ്‌തത്.
ലെഫ്റ്റ് ബാക്ക് ലൂക് ഷോയ്ക്ക് പരിക്ക് കാരണം മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് സെര്‍ജിയോ റെഗിലോണിനെ ടോട്ടൻഹാമില്‍ നിന്ന് യുണൈറ്റഡ് ലോണില്‍ കൊണ്ടുവന്നത്. വരുന്ന ജനുവരിയില്‍ ലോണ്‍ റദ്ദാക്കി വേണമെങ്കില്‍ റെഗിലോണിനെ ടോട്ടനത്തിലേക്ക് തിരിച്ചയയ്ക്കാനും സാധിക്കുന്ന തരത്തിലാണ് കരാർ.