ലണ്ടന്‍ :ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) വിട്ട് സ്‌പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ (David De Gea). ട്വിറ്ററിലൂടെ ഇന്നലെ (ജൂലൈ 08) രാത്രിയിലാണ് താരം ഇംഗ്ലീഷ് ക്ലബ് വിടുന്ന വിവരം പുറത്തുവിട്ടത്. യുണൈറ്റഡുമായുള്ള താരത്തിന്‍റെ 12 വര്‍ഷത്തോളമുള്ള ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
'കഴിഞ്ഞ 12 വര്‍ഷം, നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നു. അലക്‌സ് ഫെര്‍ഗൂസണ്‍ എന്നെ ഈ ക്ലബ്ബില്‍ എത്തിച്ച ശേഷം അദ്ദേഹത്തിന് കീഴില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഓരോ പ്രാവശ്യവും അഭിമാനത്തോടെയായിരുന്നു ഞാന്‍ ഈ ജഴ്‌സി ധരിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നില്‍ കളിക്കാന്‍ കഴിഞ്ഞത് എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ്. മാഡ്രിഡ് വിട്ടാല്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഞാന്‍ ചെറുപ്പത്തില്‍ കരുതിയിരുന്നത്. എന്നാല്‍, മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങള്‍ ഇവിടം എനിക്ക് സമ്മാനിച്ചു.
പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഉചിതമായ സമയമാണിത്. പുതിയ ചുറ്റുപാടുകളിലേക്ക് എന്നെ തന്നെ തള്ളിവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടം വിട്ട് പോയാലും മാഞ്ചസ്റ്ററിന് എപ്പോഴും എന്‍റെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകും.
കാരണം, മാഞ്ചസ്റ്ററാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഞാന്‍ ഒരിക്കലും ഈ സ്ഥലത്തെ മറക്കില്ല' - ഡി ഗിയ ട്വീറ്റ് ചെയ്‌തു. 2011ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അരങ്ങേറിയ ഡേവിഡ് ഡി ഗിയ 500ല്‍ അധികം മത്സരങ്ങളിലാണ് ടീമിന്‍റെ വല കാത്തത്.