ഫ്ലോറിഡ: മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരം അവിസ്‌മരണീയമാക്കാന്‍ അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക് കഴിഞ്ഞിരുന്നു. ലീഗ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ് ക്രുസ് അസുലിനെതിരെയാണ് ലയണല്‍ മെസി ഇന്‍റര്‍ മയാമിക്കായുള്ള ആദ്യ മത്സരത്തിനിറങ്ങിയത്. തിങ്ങി നിറഞ്ഞ റിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ 54-ാം മിനിട്ടിലാണ് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരത്തെ ഇന്‍റര്‍ മയാമി പരിശീലകന്‍ കളത്തിലിറക്കിയത്.
ഒടുവില്‍ മത്സരം അവസാനിക്കാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ച 35-കാരന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്‌തു. കളി തിരിച്ച മെസിയുടെ ഗോള്‍ കണ്ട് സന്തോഷത്താല്‍ കണ്ണ് നിറയുന്ന ഇന്‍റര്‍ മയാമിയുടെ സഹ ഉടമയും ഇംഗ്ലീഷ് ഇതിഹാസവുമായ ഡേവിഡ് ബെക്കാമിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മെസിയുടെ കളി കാണാൻ യുഎസ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്, കിം കർദാഷിയാൻ ഉള്‍പ്പെടെയുള്ള പ്രമുഖരും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മെസിയുടെ ഗോള്‍ മതി മറന്ന് ആഘോഷിക്കുന്ന ഇവരുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വീഡിയോ കാണാം...
അതേസമയം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്‍റര്‍ മയാമി ക്രൂസ് അസൂലിനെ തോല്‍പ്പിച്ചത്. മത്സരത്തിന്‍റെ 44-ാം മിനിട്ടില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ ഇന്‍റര്‍ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും ടീമിന് കഴിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസി ഇറങ്ങിയതിന് പിന്നാലെ ക്രൂസ് അസൂല്‍ സമനില പിടിച്ചു. 65-ാം മിനിട്ടില്‍ യൂറിയല്‍ അന്‍റൂനയാണ് സംഘത്തിനായി ഗോളടിച്ചത്. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഇരു ടീമുകള്‍ക്കും ഗോളാക്കി മാറ്റാനായില്ല.
ഒടുവില്‍ സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ 94-ാം മിനിട്ടിലാണ് മെസിയുടെ മാന്ത്രിക ഗോള്‍ വന്നത്. ബോക്‌സിന് പുറത്തുവച്ച് മെസിയെ ക്രൂസ് അസൂല്‍ മിഡ്‌ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് ഫൗള്‍ ചെയ്‌തതിനായിരുന്നു റഫറി ഇന്‍റര്‍ മയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് വിധിച്ചത്. മെസിയുടെ ഇടങ്കാലന്‍ ഷോട്ട് ക്രുസ് അസൂല്‍ ഗോള്‍കീപ്പര്‍ ആന്ദ്രേസ് ഗുഡിനോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് പറന്നിറങ്ങുകയായിരുന്നു.
അതേസമയം ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ടാണ് ലയണല്‍ മെസി ഇന്‍റര്‍ മയാമിയിലെത്തുന്നത്. പ്രതിവർഷം ഏകദേശം 50 മില്യൺ ഡോളര്‍ (ഏകദേശം 410 കോടിയോളം ഇന്ത്യന്‍ രൂപ) മുതൽ 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തെക്കാണ് ഇന്‍റര്‍ മയാമിയുമായി ലയണല്‍ മെസി കരാറില്‍ എത്തിയിരിക്കുന്നത്. 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്നും മെസി പിഎസ്‌ജിയിലേക്ക് എത്തിയത്. കരാര്‍ അവസാനിച്ചതിന് ശേഷം ഫ്രീ ഏജന്‍റായാണ് സൂപ്പര്‍ താരം ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയത്.
ALSO READ:കൊറിയന്‍ ഓപ്പണില്‍ സാത്വിക്- ചിരാഗ് സഖ്യം ഫൈനലില്‍; കുതിപ്പ് ചൈനീസ് താരങ്ങളെ തോല്‍പ്പിച്ച്