ന്യൂകാമ്പ്: ബാഴ്‌സ ആരാധകർക്ക് വൈകാരികമായ സന്ദേശമയച്ച് ക്ലബിനോട് വീണ്ടും വിട പറഞ്ഞ് ബ്രസീല്‍ താരം ഡാനി ആൽവസ്. നീണ്ട എട്ടു വർഷത്തെ കരിയറിന് ശേഷം 2016ൽ ബാഴ്‌സ വിട്ട ഡാനി കഴിഞ്ഞ ജനുവരിയിലാണ് ടീമിൽ തിരിച്ചെത്തിയത്. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടുന്നതിനു വേണ്ടി ബാഴ്‌സയിൽ തന്നെ തുടരാനായിരുന്നു ഡാനിക്ക് താൽപര്യം.
എന്നാൽ കരാർ പുതുക്കി നൽകാൻ ക്ലബ് തയ്യാറാകത്തതിനെ തുടർന്നാണ് 39- കാരനായ ഡാനി ടീം വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ബാഴ്‌സലോണക്ക് ആശ്വാസമായിരുന്നു ആല്‍വസുമായുള്ള കരാർ. ഏറ്റവും കുറഞ്ഞ സാലറിയിൽ ആറു മാസത്തേക്കായിരുന്നു കരാർ.
ഈ സമ്മറിൽ അവസാനിച്ച കരാർ ആറ് മാസത്തേക്കോ, ഒരു വർഷത്തിനോ പുതുക്കി നൽകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതിന് വിപരീതമായാണ് ബാഴ്‌സയുടെ സമീപനം.
2008 മുതൽ 2016 വരെ നീണ്ട എട്ടു വർഷങ്ങൾ ബാഴ്‌സയുടെ പ്രധാന താരങ്ങളിലൊരാളായിരുന്ന ഡാനി നേടാവുന്നതെല്ലാം കൈപിടിയിലൊതുക്കിയാണ് ടീം വിട്ടിരുന്നത്. പ്രതിരോധനിരയുടെ വലത് പാര്‍ശ്വത്തിലായിരുന്നു സ്ഥാനമെങ്കിലും കളിക്കളത്തിലെ സര്‍വവ്യാപിയായിരുന്നു ഡാനി ആൽവസ്. മൈതാനത്ത് മെസിക്കൊപ്പം ആൽവസിന്‍റെ കൂട്ടുകെട്ട് ഒരുകാലത്ത് ആരാധകരുടെ ഹരമായിരുന്നു.
ആൽവസ് ടീം വിട്ട ശേഷം വലത് വിങ്ങിലെ ആ കുറവ് ബാഴ്‌സയെ ഇപ്പോഴും അലട്ടുന്നു. പറ്റിയ പകരക്കാരനെ കണ്ടെത്താൻ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആൽവസിന്റെ മടങ്ങി വരവ് ആരാധകരെ അത്രയേറെ സന്തോഷിപ്പിച്ചതായിരുന്നു.
'വിട പറയേണ്ട സമയം അടുത്തിരിക്കുന്നു. ഈ നിറങ്ങളിലും ക്ലബിലുമായി എട്ടു വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. എന്നാൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളുമെന്ന പോലെ, ദിവസങ്ങൾ കടന്നു പോകുന്നു, വഴികൾ പിരിയുന്നു, ചിലപ്പോൾ മറ്റു സ്ഥലങ്ങളിൽ പുതിയ കഥകൾ എഴുതേണ്ടി വരുന്നു, അതങ്ങിനെയാണ്. അവരെന്നെ മാറ്റി നിർത്താൻ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല. പെട്ടന്ന് പൂർവസ്ഥിതിയിലേക്ക് മാറാൻ കഴിവുള്ളയാളാണ് ഞാൻ.' ആൽവസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ ക്ലബ്ബിലേക്ക് എന്നെ എത്തിച്ചവർക്കും ഈ ജഴ്‌സി അണിയാൻ എനിക്ക് വീണ്ടും അവസരം ഉണ്ടാക്കിയ സ്റ്റാഫിനും മറ്റുള്ളവർക്കും ഞാൻ നന്ദി പറയുന്നു. എനിക്കത് എത്രത്തോളം സന്തോഷം നൽകിയെന്ന് നിങ്ങൾക്ക് മനസിലാവില്ല. തന്‍റെ സന്തോഷവും ഉന്മാദവും അവർക്ക് മിസ് ചെയ്യില്ലെന്ന് ഞാൻ കരുതുന്നു. ക്ലബിനൊപ്പം തുടർന്നവർക്ക് ഈ ക്ലബിന്‍റെ ചരിത്രം മാറ്റാൻ കഴിയട്ടെ എന്നു ഞാൻ ആശംസിക്കുന്നു. ആൽവസിന്‍റെ വാക്കുകൾ.