പ്രാഗ് : സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ചെക്ക് ഇന്‍റർനാഷണൽ മിഡ്‌ഫീൽഡർ ജാക്കൂബ് ജാന്‍ക്‌റ്റോ. തന്‍റെ ട്വിറ്റർ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌ത വൈകാരിക വീഡിയോയിലൂടെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. 'ഞാൻ സ്വവർഗാനുരാഗിയാണ്, ഇനി എന്നെത്തന്നെ മറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' - 27കാരനായ ജാന്‍ക്‌റ്റോ പറഞ്ഞു.
'മറ്റെല്ലാവരെയും പോലെ, ഞാനും എന്‍റെ ജീവിതം സ്വാതന്ത്ര്യത്തോടെ, ഭയമില്ലാതെ, മുൻവിധികളില്ലാതെ, പ്രശ്‌നങ്ങളില്ലാതെ അല്ലെങ്കിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നു' - ജാന്‍ക്‌റ്റോ വ്യക്തമാക്കി.
ഇറ്റാലിയന്‍ ക്ലബ് ഗെറ്റാഫെയുടെ താരമായ ജാന്‍ക്‌റ്റോ നിലവില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ചെക്ക് ടീം സ്‌പാർട്ട പ്രാഗിൽ കളിക്കുകയാണ്. ഇപ്പോഴത്തെ തുറന്നുപറച്ചിലോടെ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ലാ ലിഗയുമായി ബന്ധപ്പെട്ട ആദ്യ താരമായും ജാന്‍ക്‌റ്റോ മാറി.
തന്‍റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് ജാന്‍ക്‌റ്റോ നേരത്തെ തന്നെ ക്ലബ്ബിനോടും സഹതാരങ്ങളോടും പറഞ്ഞിരുന്നതായി സ്പാർട്ട പ്രാഗ് പ്രതികരിച്ചു. ജാന്‍ക്‌റ്റോയുടെ ക്ലബ് ഗെറ്റാഫെയും താരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
'ജാക്കൂബ്.. നിനക്ക് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. നിന്‍റെ ജീവിതം ജീവിക്കൂ..മറ്റൊന്നിലും കാര്യമില്ല'. ക്ലബ് ട്വീറ്റ് ചെയ്‌തു. ഫിഫ, യുവേഫ എന്നിങ്ങനെയുള്ള പ്രമുഖ ഫുട്‌ബോള്‍ സംഘടനകളും സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ ഉള്‍പ്പടെയുള്ള മുന്‍ നിര ക്ലബ്ബുകളും താരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ALSO READ:Premier League | പുതിയ വര്‍ഷത്തിലെ ആദ്യ ജയം, എവര്‍ട്ടണിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍
'എല്ലാവരും ഒപ്പമുണ്ട്, ഫുട്‌ബോള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്' എന്നാണ് ഫിഫ ട്വീറ്റ് ചെയ്‌തത്. ഇറ്റാലിയന്‍ ലീഗിലും പന്ത് തട്ടിയ ജാന്‍ക്‌റ്റോ ചെക്ക് ദേശീയ ടീമിനായി ഇതേവരെ 45 മത്സരങ്ങളില്‍ നിന്നും നാല് ഗോളുകള്‍ അടിച്ചിട്ടുണ്ട്.
അതേസമയം കളിക്കുന്ന സമയത്ത് തങ്ങളുടെ ലൈംഗിക സ്വത്വം വെളിപ്പെടുത്തിയ ചില മുന്‍ നിര താരങ്ങള്‍ മാത്രമാണുള്ളത്. 1990ല്‍ നോട്ടിങ്‌ഹാം ഫോറസ്റ്റ് സ്‌ട്രൈക്കറായിരുന്ന ജസ്റ്റിൻ ഫാഷാനുവാണ് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. 2021ല്‍ ഓസ്‌ട്രേലിയന്‍ ക്ലബ്ബായ അഡ്ലൈഡ് യുണൈറ്റഡ് താരം ജോഷ് കവാലോയും 2022 മെയ് മാസത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ ബ്ലാക്‌പൂളിന്‍റെ സ്ട്രൈക്കര്‍ ജേക്ക് ഡാനിയൽസും സമാന തുറന്നുപറച്ചില്‍ നടത്തിയിരുന്നു.