ഹൈദരാബാദ്:ലോൺ ബൗൾസ് എന്ന കായിക മത്സരം നമുക്കിടയിൽ അത്ര സുപരിചിതമല്ല. ബെര്‍മിങ്‌ഹാമിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസില്‍ വനിത വിഭാഗത്തിൽ ഇന്ത്യ സ്വർണം നേടിയതോടെയാണ് നാം ഏവരുടെയും ശ്രദ്ധ ലോൺ ബോളിലേക്ക് തിരിയുന്നത്. ഇന്ത്യ ചരിത്ര സ്വർണം നേടിയ ലോണ്‍ ബൗള്‍സ് എങ്ങനെയെന്ന് പരിശോധിക്കാം.
ജാക്ക് അല്ലെങ്കില്‍ കിറ്റി എന്ന് വിളിക്കുന്ന ചെറിയ പന്തുകള്‍ ഉപയോഗിച്ചാണ് ത്രോ ചെയ്യേണ്ടത്. ഒന്നര കിലോയാണ് ഓരോ പന്തിന്‍റെയും ഭാരം. ഒരു ഭാഗത്ത് ഭാരം കൂടുതലായതിനാല്‍ പന്തിന് വളഞ്ഞ് പുളഞ്ഞ് സഞ്ചരിക്കാനാവുമെന്നതിനാല്‍ 'ബയസ് ബോള്‍' എന്നും ഇതിനെ വിളിക്കാറുണ്ട്. നാല് പേരടങ്ങിയതാണ് ലോൺ ബൗൾസ് ടീമിനത്തിലെ മത്സരം.
ഓരോ എൻഡിൽ നിന്ന് ലക്ഷ്യത്തിലേക്ക് ഓരോ ടീമിനും എട്ട് വീതം ത്രോയാണ് ഉണ്ടാകുക. ലക്ഷ്യത്തിനോട് ഏറ്റവും അടുത്ത് പന്ത് എത്തിക്കുന്നവർക്ക് കൂടുതൽ പോയിന്‍റ് കിട്ടും. 18 എൻഡിൽ നിന്നാണ് ത്രോകൾ ഉണ്ടാവുക. ഒരു ഔട്ട്‌ഡോര്‍ മത്സരമായ ലോണ്‍ ബൗള്‍സ് പ്രകൃതിദത്ത പുല്‍ത്തകിടിയിലോ കൃത്രിമ ടര്‍ഫിലോ നടത്താറുണ്ട്.
1930ലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ഈ മത്സരം ഗെയിംസിന്‍റെ ഭാഗമാണ്. ലക്ഷ്യം നിര്‍ണയിക്കാനും അവിടേക്ക് കൃത്യമായി പന്ത് എത്തിക്കാനുമുള്ള കളിക്കാരുടെ കഴിവാണ് പ്രധാനം. ഈ ഇനത്തിൽ 51 മെഡലുകൾ നേടിയ ഇംഗ്ലണ്ടാണ് കൂടുതൽ മേധാവിത്വം പുലർത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് 50 മെഡലുകളും ദക്ഷിണാഫ്രിക്കയ്‌ക്ക് 44 മെഡലുകളുമുണ്ട്. ഈ മൂന്ന് രാജ്യങ്ങള്‍ തന്നെ ഈ മത്സര ഇനത്തില്‍ കാലങ്ങളായി ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
സ്വര്‍ണ മെഡലിനായുള്ള ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 ന് തോൽപ്പിച്ചാണ് ഇന്ത്യന്‍ വനിത സംഘം ചരിത്ര നേട്ടം സ്വന്തമാക്കിയത്. രൂപ റാണി, നയന്‍മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിങ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചത്. സെമിഫൈനലില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ കീഴടക്കിയായിരുന്നു ഇന്ത്യന്‍ സംഘത്തിന്‍റെ മുന്നേറ്റം.