ബിര്‍മിങ്‌ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്കയാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഗെയിംസ് റെക്കോഡോടെയാണ് 19കാരനായ ജെറമി സ്വര്‍ണം നേടിയത്.
മത്സരത്തില്‍ 300 കിലോ ഭാരമാണ് ഇന്ത്യന്‍ താരം ഉയര്‍ത്തിയത്. 7 കിലോ വ്യത്യാസത്തിൽ സമോവന്‍ താരം വൈപവ ഇയോണിന് മത്സരത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. നൈജീരിയയുടെ എഡിദിയോങ് ഉമോഫിയയ്‌ക്കാണ് വെങ്കലം.
ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണ് ഇത്. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവിലൂടെ വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യ മെഡല്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ് പൂജാരി വെങ്കലവും സ്വന്തമാക്കിയിരുന്നു.
ഒളിമ്പിക് മെഡല്‍ ജേതാവ് മീരാഭായി ചാനുവാണ് ഇന്ത്യയ്‌ക്ക് ഈ ഗെയിംസിലെ ആദ്യ സ്വര്‍ണം നേടി തന്നത്. 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്‍റെ സുവർണ നേട്ടം. പിന്നാലെ വനിതകളുടെ 55 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണി ദേവിയാണ് വെള്ളി നേടിയത്.