ബിര്‍മിങ്‌ഹാം : കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിൾ ടെന്നിസില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. മുഴുവന്‍ സെറ്റുകളും സ്വന്തമാക്കിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്‌തത്.
ഇന്ത്യയ്‌ക്കായി സിംഗിള്‍സില്‍ ശരത് കമല്‍ അജന്ത, സത്തിയന്‍ ജ്ഞാനശേഖരന്‍ എന്നിവര്‍ ജയം നേടി. ഡബിള്‍സില്‍ ഹര്‍മന്‍ ദേശായി-സത്തിയന്‍ സഖ്യമാണ് വിജയിച്ചത്. സെമിയില്‍ നൈജീരിയയാണ് ഇന്ത്യയുടെ എതിരാളി.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഡബിള്‍സോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങിയത്. ദേശായി-സത്തിയന്‍ സഖ്യം അനായാസമാണ് ബംഗ്ലാദേശിന്‍റെ ബാവം-റിഡോയ് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 11-8, 11-6, 11-2
രണ്ടാമതായി സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ ശരത് കമല്‍ ബംഗ്ലാദേശിന്‍റെ റിഫാത്ത് സാബിറിനെയാണ് നേരിട്ടത്. സാബിറിനെ 11-4, 11-7, 11-2 എന്ന സ്‌കോറില്‍ കമല്‍ അടിതെറ്റിക്കുകയായിരുന്നു. അവസാന സിംഗിള്‍സ് പോരാട്ടം സത്തിയനിലൂടെയാണ് ഇന്ത്യ സ്വന്തമാക്കിയത്.
അഹമ്മദ് റിഡ്ഡിക്കെതിരെ അനായാസ ജയമാണ് സത്തിയന്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 11-2, 11-3, 11-5. ഗ്രൂപ്പ് ഘട്ടത്തിൽ ബാർബഡോസ്, സിംഗപ്പൂർ, നോർത്തേൺ അയർലൻഡ് എന്നീ ടീമുകളെ ഒരേ 3-0 മാർജിനിൽ പിന്തള്ളിയാണ് അചന്ത ശരത് കമലിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീം ക്വാർട്ടർ ഫൈനലിലെത്തിയത്.