ന്യൂഡല്‍ഹി: കോമൺവെൽത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ മലയാളി താരം എം.ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിംസില്‍ പുരുഷ വിഭാഗം ലോങ് ജമ്പിലാണ് മലയാളി താരത്തിന്‍റെ നേട്ടം. ശ്രീശങ്കറിന്‍റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
''കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കറിന്‍റെ വെള്ളി മെഡൽ നേട്ടം സവിശേഷമാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ശ്രീശങ്കറിന്‍റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്‍റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നു. താരത്തിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിലും മികവ് പുലർത്തട്ടെ'', പ്രധാനമന്ത്രി കുറിച്ചു.
ബര്‍മിങ്‌ഹാമില്‍ 8.08 മീറ്റര്‍ ചാടിയാണ് 23കാരനായ മലയാളി താരം വെള്ളി നേടിയത്. തന്‍റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ വെള്ളി ദൂരം കണ്ടെത്തിയത്. ആദ്യ മൂന്ന് ചാട്ടത്തില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്‍റെ പ്രകടനം.